കനത്ത മഴ: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി




സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്.

കാസർകോട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ജില്ലയിലെ മിക്ക പ്രദേശങ്ങളിലും മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിലും മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. ട്യൂഷൻ സെന്ററുകൾ, അംഗൻവാടികൾ, മദ്രസകൾ തുടങ്ങിയവക്ക് അവധിയാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കണ്ണൂർ

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റ്റ്റുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ നാളെ പ്രവർത്തിക്കരുത് എന്ന് ജില്ല കലക്ടർ അറിയിച്ചു.

വയനാട്

റെഡ് അലർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അംഗൻവാടികൾ, മദ്രസകൾ, സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു.

സർവകലാശാലാ പരീക്ഷകൾക്കും പി.എസ്. സി പരീക്ഷകൾക്കും അവധി ബാധകമല്ല.

തൃശൂർ

കനത്ത മഴ തുടരുന്നതിനാലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ അംഗൻവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസ്സകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുന്നതായി കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

എറണാകുളം

ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിക്കുന്നതായി കലക്ടർ അറിയിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

ഇടുക്കി

ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അംഗൻവാടികൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസുകളും നടത്താൻ പാടില്ല. മാതാപിതാക്കൾ ജോലിക്കു പോകുന്ന കുട്ടികളുള്ള അംഗൻവാടികളിൽ അത്തരം കുട്ടികൾ അവധി മൂലം വീട്ടിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അംഗൻവാടി അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിർദേശങ്ങൾ ഐ.സി.ഡി.എസ് സൂപ്പർവൈസർ അംഗൻവാടി അധ്യാപകർക്ക് നൽകേണ്ടതുമാണ്. 

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കും -കലക്ടർ അറിയിച്ചു.