ഏഴ് വയസുകാരനെ ചാക്കില്‍ കയറ്റി കൊണ്ടുപോകാൻ ശ്രമം; കോഴിക്കോട്ട് ഇതരസംസ്ഥാനക്കാര്‍ പിടിയില്‍



കോഴിക്കോട് ബീച്ചിൽ പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പിടിയിലായി. മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

കോഴിക്കോട് പുതിയകടവിലാണ് സംഭവം. കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതേ തുടര്‍ന്ന് കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ രണ്ടു പേരെയും തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോഴിക്കോട് ബീച്ചിന് സമീപം പുതിയകടവിലാണ് സംഭവം. ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.