മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

കോഴിക്കോട്:മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടി നൽകി. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ റേഷന്‍ മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ ആവശ്യം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിച്ചു. 

കിടപ്പു രോഗികള്‍ക്കും അഞ്ചു വയസിന് താഴെയുള്ള റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ ആവശ്യം ഉന്നയിച്ചത്.     

കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാക്കണം. അഞ്ചു വയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോള്‍ പേര് ചേര്‍ക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം കൂടിയപ്പോള്‍ വ്യത്യാസം കാണിക്കുന്നതിനാല്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കുന്നില്ല. ഇവ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.