‘ദുഃഖകരം, തീരാനഷ്ടം; നല്ല തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും’: അന്നയുടെ മരണത്തിൽ അന്വേഷണം നടത്താമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി EY കമ്പനി


പൂനെയിൽ അമിതജോലിഭാരത്തെ തുടർന്ന് 26 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ EY കമ്പനി അധികൃതർ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. അന്നയുടെ മരണത്തിൽ അന്വേഷണം നടത്താമെന്ന് കമ്പനി അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. പൂനെയിലെ സീനിയർ മാനേജർ അടക്കമുള്ള സംഘമാണ് കൊച്ചിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്.

ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ (EY ) ജോലിക്ക് കയറി നാല് മാസങ്ങൾക്ക് ശേഷമാണ് അന്ന സെബാസ്ററ്യൻ പേരയില്‍ മരണപ്പെടുന്നത്. ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്താണ് മരണം. ജൂലായ് 20നായിരുന്നു സംഭവം. മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്. 

മകളുടെ സംസ്കാര ചടങ്ങുകൾക്ക് പോലും കമ്പനിയിലെ ആരും എത്തിയില്ലെന്നും അവസാന ശ്വാസം വരെ അവൾ കമ്പനിക്കുവേണ്ടി പണിയെടുത്തിരുന്നുവെന്നും അമ്മ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, അന്നയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അന്നയുടെ മരണം അതിദാരുണമാണെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ് അധികൃതരും വ്യക്തമാക്കി.

തുടക്കക്കാര്‍ക്ക് ഇത്ര ജോലിഭാരം നല്‍കുന്നതിനും ഞായറാഴ്ചകളില്‍ പോലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നതിനും ഒരു ന്യായീകരണവുമില്ലെന്ന് അന്നയുടെ അമ്മ കത്തില്‍ പറയുന്നു.

ജൂലായ് ആറിനു അവളുടെ കോണ്‍വൊക്കേഷനായി ഞങ്ങള്‍ പുനെയിലെത്തി. അന്ന് നെഞ്ചുവേദനയെന്ന് പരാതിപ്പെട്ടപ്പോള്‍ ഡോക്ടറെ കാണിച്ചു. ഇസിജിയില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. ഉറക്കക്കുറവും ഭക്ഷണം കഴിക്കാത്തതുമാണ് പ്രശ്നമെന്ന് ഡോക്ടര്‍ പറഞ്ഞു. 

ഞങ്ങള്‍ കൊച്ചിയില്‍നിന്ന് എത്തിയതേയുള്ളൂ. ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്നും അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നിട്ടും ഡോക്ടറെ കണ്ടശേഷം ഒരുപാട് ജോലിയുണ്ടെന്ന് പറഞ്ഞ് അവള്‍ ഓഫീസിലേക്കുപോയി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ കോണ്‍വൊക്കേഷന്‍ പോലും അന്നയ്ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല.

”അടുത്തദിവസം കോണ്‍വൊക്കേഷന്റെ സമയത്തുപോലും അവളുടെ ചിന്തകളില്‍ ജോലി തന്നെയായിരുന്നു.. അന്ന ആ ജോലിക്കെത്തിയപ്പോള്‍ തന്നെ അവളുടെ ടീം മാനേജര്‍ പറഞ്ഞിരുന്നു, ‘പലരും മുമ്പ് ജോലിഭാരമെന്ന് പറഞ്ഞ് രാജിവെച്ചിട്ടുണ്ട്. നിങ്ങള്‍ അവരുടെയെല്ലാം അഭിപ്രായം തിരുത്തണമെന്ന്.

എന്നാൽ അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ മുൻ സഹപ്രവർത്തകരുടെ എക്സ് പോസ്റ്റുകൾ ശ്രദ്ധേയമായിരുന്നു. അന്നയുടെ മാനേജർമാരായ റിധി കെജ്രിവാളിനും അനിമേഷ് ജെയിനിനുമെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായിരുന്നു. കത്തിൽ ചിത്രീകരിച്ചതിനേക്കാൾ മോശമാണ് ഇവിടുത്തെ അവസ്ഥയെന്നും അന്നയുടെ മാനേജർമാരായിരുന്നവർ യഥാർത്ഥത്തിൽ തൻ്റെ സൗകര്യങ്ങൾക്കാണ് മുൻഗണന നല്കുന്നത്. ആരുടെയും സമയത്തിനെയോ പ്രയത്നത്തിനെയോ അവർ മാനിക്കുന്നില്ലെന്നും അന്നയുടെ സഹപ്രവർത്തകൻ പറയുന്നു.