ആരോപണങ്ങളില്‍ ഉറച്ച് നിൽക്കുന്നു; ‘പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ, തുടങ്ങി വച്ചത് വിപ്ലവമായി മാറും’; പി.വി അൻവർ

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നിൽക്കുന്നവെന്ന് പി വി അന്‍വര്‍ എംഎല്‍എ. തുടങ്ങി വച്ചത് വിപ്ലവമായി മാറും, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. 

സർക്കാരിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നു. തുറന്നു പറഞ്ഞത് ലക്ഷക്കണക്കിന് പാർട്ടിക്കാർ പറയാൻ ആഗ്രഹിച്ചതാണ്.
താൻ കീഴടങ്ങിയത് ദൈവത്തിനും പാർട്ടിക്കും മുന്നിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദര്‍ശിച്ച് രേഖാമൂലം പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടും പാര്‍ട്ടി സെക്രട്ടറിയോടും പറഞ്ഞു. പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എഡിജിപിയെ മാറ്റണമോയെന്ന് ഇനി പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. അന്തസുള്ള ഒരു പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് നമുക്കുള്ളത്. ഉചിതമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നടപടി ക്രമങ്ങള്‍ പാലിച്ച് തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.

പൊലീസിലെ ക്രിമിനലുകള്‍ക്കെതിരേ തെളിവുകളുടെ സൂചനാ തെളിവുകളാണ് താന്‍ നല്‍കിയതെന്നും അത് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സംഘമാണെന്നും അന്‍വര്‍ പറഞ്ഞു. കേരളാ പോലീസ് രാജ്യത്തെ തന്നെ ഒന്നാം നമ്പര്‍ പൊലീസാണെന്നും അതിനാല്‍ അതിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവരും ഒന്നാംതരമായിരിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊലീസ് വികലമായാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി തിരുത്തിയതിനു പിന്നാലെ തന്നെ എന്തുകൊണ്ട് അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഈ അന്വേഷണങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ തുടങ്ങിയിട്ടേയുള്ളു. നടപടികള്‍ ഉണ്ടാകട്ടെ.

അന്വേഷണം എങ്ങനെയാണ് നടക്കുന്നതെന്നു നോക്കട്ടെയും സത്യസന്ധമായ അന്വേഷണമല്ല നടക്കുന്നതെങ്കില്‍ അന്വേഷണ സംഘം പൊതുസമൂഹത്തിനു മുന്നില്‍ ചോദ്യംചെയ്യപ്പെടുമെന്നും അതിനു മുന്നിലും താന്‍ ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.