തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം: ദുരൂഹത സംശയിച്ച് പൊലീസ്.മരിച്ച വൈഷ്ണയുടെ ഭർത്താവിനായി പോലീസ് അന്വേഷണം.

 

 


തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. രാവിലെ സ്ഥാപനത്തിൽ ഒരാൾ എത്തി ബഹളം ഉണ്ടാക്കിയതായി പോലീസ് പറയുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടക്കും.


മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ  ജീവനക്കാരി മേലാങ്കോട് സ്വദേശി വൈഷ്ണ( 34)യാണെന്ന് തിരിച്ചറിഞ്ഞു. . മരിച്ച പെണ്‍കുട്ടിക്ക് ഭര്‍ത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു. മരിച്ച രണ്ടാമത്തെയാള്‍ പുറത്തുനിന്നും ഓഫീസിലെത്തിയതാണ്. തീപിടിത്തത്തിന് മുമ്പ് ഓഫീസില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമൂപത്തുണ്ടായിരുന്നയാള്‍ പ്രതികരിച്ചിരുന്നു.


രാവിലെ സ്ഥാപനത്തിൽ എത്തി ബഹളം ഉണ്ടാക്കിയത് വൈഷ്ണയുടെ ഭർത്താവ് എന്നാണ് പൊലീസ് സംശയിക്കുന്നത്. വൈഷ്ണയുടെ ഭർത്താവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.