നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് വിനീത് ശ്രീനിവാസന്‍:അന്ന് നിവിൻ എൻ്റെ കൂടെ, തെളിവുകളുണ്ട്.

നടന്‍ നിവിന്‍ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും അദ്ദേഹം  പറഞ്ഞു.

2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്‍ത്ഥ്യം ഉടന്‍ തെളിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,' വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നൽകിയ പരാതി. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടർന്ന് ദുബായിയിൽ കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‍കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.