എഡിജിപിക്കെതിരായ ആരോപണം; ഡിജിപിയിൽ നിന്ന് റിപ്പോർട്ട് തേടി മുഖ്യമന്ത്രി.

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി. സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. എം ആർ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളണ് ഭരണകക്ഷി എംഎൽഎയായ പി വി അൻവർ ഉന്നയിക്കുന്നത്.

പി വി അൻവർ നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. സിയാലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആരോപണങ്ങളിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർ‌ത്തക‍ർക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾക്ക് ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഇപ്പോൾ ആരോപണങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവ് സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് അജിത്കുമാറാണെന്നതാണ് പി വി അൻവർ ഉന്നയിച്ച മറ്റൊരു ആരോപണം. സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നിലമ്പൂർ എംഎൽഎ ആരോപിച്ചു. 

ആ സമയത്ത് 'അവരൊക്കെ കമ്മികൾ അല്ലെ' എന്നായിരുന്നു അജിത്കുമാർ സുരേഷ്‌ഗോപിയോട് പറഞ്ഞതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.