ആലപ്പുഴ: കായംകുളം ചാരുംമൂട് സെൻ മേരീസ് സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചതായി പരാതി. അധ്യാപിക മുഖത്തും, കൈയ്ക്കും കാലിനും മർദ്ദിച്ചതായി വിദ്യാർത്ഥി പറഞ്ഞു.
കുട്ടിയുടെ ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. അതേസമയം ആരോപണങ്ങൾ സ്കൂൾ അധികൃതർ തള്ളി. സ്കൂളിൽ വച്ച് അധ്യാപിക കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ ആവർത്തിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടീച്ചർ മുഖത്തും കാലിലും അടിച്ചെന്നും കണ്ണ് വേദനിക്കുന്നുണ്ടെന്നും കുട്ടി പറഞ്ഞു. തനിക്ക് പേടിയാണെന്നും സ്കൂളിൽ പോകേണ്ടെന്നും കുട്ടി ആവർത്തിച്ചു.
കയ്യിൽ ചുവന്ന പാട് കണ്ടിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കയ്യിലല്ലേ അടിച്ചത് പോട്ടെ സാരമില്ലെന്ന് വിചാരിച്ചു. പിന്നെ നോക്കിയപ്പോഴാണ് കാലിലെ പാട് കണ്ടത്. ചോദിച്ചപ്പോൾ കവിളിലും നെറ്റിയിലും അടിച്ചെന്ന് പറഞ്ഞു. മുഖത്തടിച്ചു എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. മക്കളുള്ള ആരെങ്കിലും ഇന്നത്തെ കാലത്ത് അത് ചെയ്യുമോയെന്നും മുത്തശ്ശി ചോദിച്ചു.
അതേസമയം ആരോപണം സ്കൂൾ അധികൃതർ പൂർണമായി തള്ളിയിട്ടുണ്ട്. പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് കുട്ടിയുടെ മുത്തശ്ശി വാക്കാൽ പരാതി പറഞ്ഞിരുന്നു. ഓഗസ്റ്റ് 30ന് കുട്ടിയെ മായ എന്ന ടീച്ചർ കവിളിൽ അടിച്ചുവെന്നായിരുന്നു പരാതി. ഇത് ടീച്ചറെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ സാന്നിധ്യത്തിൽ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ടീച്ചറുടെ പ്രതികരണം. ക്ലാസിൽ വെച്ച് വിദ്യാർത്ഥികളോടും സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും കുട്ടികളും സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞതെന്നും സ്കൂൾ അധികൃതർ കൂട്ടിച്ചേർത്തു.
കുട്ടി ക്ലാസിൽ മൂത്രമൊഴിച്ചുവെന്നും മറ്റുള്ളവർക്കു നേരെ തുപ്പിയെന്നും ചൂണ്ടിക്കാട്ടി മുത്തശ്ശിക്ക് സ്കൂളിൽനിന്നും ഫോൺ ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് മുത്തശ്ശി കുട്ടിയെ വിളിച്ച് വീട്ടിലേക്ക് പോകുന്നത്. പോകുന്ന വഴിയിൽ കുട്ടി ഉറക്കെ കരയുന്നുണ്ടായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്താണ്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കുട്ടി നാട്ടിലെത്തുന്നത്. മലയാളം അധികം അറിയാത്തതിനാൽ കുട്ടിയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. കരച്ചിൽ നിർത്താതായെങ്കിലും കാരണം എന്താണെന്ന് മനസിലായില്ലെന്നും മുത്തശ്ശി പറഞ്ഞു. പിന്നീട് കുട്ടിയെ കുളിപ്പിക്കാനായി ഡ്രസ് അഴിച്ചപ്പോഴാണ് അടിയേറ്റ പാടുകൾ കണ്ടത്. പിന്നാലെ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
മുഖത്തുൾപ്പെടെ അടിയേറ്റെന്ന് കുട്ടി പറഞ്ഞതോടെ മുത്തശ്ശി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സ്കൂൾ അധികൃതരോട് വിവരത്തെ കുറിച്ച് ചോദിച്ചപ്പോൾ മുത്തശ്ശി തന്നെ കുട്ടിയെ അടിച്ചതാകാമെന്നും അത് മറച്ചുവെക്കാന്‍ ടീച്ചറെ പ്രതിചേർക്കുകയാണെന്നുമായിരുന്നു പ്രധാനാധ്യാപകന്റെ പ്രതികരണം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ