ചാലിയാറിന്റെ പോത്തുകല്ല് അമ്പുട്ടാൻപൊട്ടിയിൽനിന്നു തുടർച്ചയായ മൂന്നാം ദിവസവും ശരീരഭാഗങ്ങൾ കണ്ടെത്തി. തീരത്തു മണ്ണിൽ പുതഞ്ഞുകിടന്ന ശരീരഭാഗം നായ്ക്കൾ മാന്തിയെടുക്കുന്നതു പുല്ലരിയാനെത്തിയ സ്ത്രീകളാണു കണ്ടത്. തുടർന്നു സന്നദ്ധപ്രവർത്തകരെത്തി പോത്തുകല്ല് സ്‌റ്റേഷനിലെത്തിച്ചു.
കഴിഞ്ഞ 2 ദിവസങ്ങളിലും അമ്പുട്ടാൻപൊട്ടിയിലെ ഇതേ ഭാഗത്തുനിന്നു തന്നെയാണു ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഇതും പുല്ലരിയാനെത്തിയ സ്ത്രീകളായിരുന്നു കണ്ടത്. മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കായി സർക്കാർ സേനകൾ നടത്തിയിരുന്ന തിരച്ചിൽ അവസാനിപ്പിച്ചതിനു ശേഷമാണ് ഈ സംഭവം.
കാര്യക്ഷമമായ തിരച്ചിൽ നടത്തിയാൽ ഇനിയും ശരീരഭാഗങ്ങൾ കണ്ടെത്താനാകുമെന്നാണു നാട്ടുകാർ പറയുന്നത്. പൊലീസും അഗ്നിരക്ഷാസേനയുമാണ് ഒടുവിൽ തിരച്ചിലിനുണ്ടായിരുന്നത്. ഒരാഴ്ച മുൻപ് ഇവരും തിരച്ചിലിൽനിന്നു പിൻമാറുകയായിരുന്നു
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ