200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവ്, ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതല്‍.



ഓണത്തിനോടനുബന്ധിച്ച്‌ സപ്ലൈകോ പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻവിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളില്‍ എത്തിക്കുന്നത്. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സെപ്റ്റംബർ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്‌എംസിജി ഉത്പന്നങ്ങള്‍ എന്നിവ10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭിക്കും.

സപ്ലൈകോ വില്പനശാലകളില്‍ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച്‌ എല്ലാ വില്‍പന ശാലകളിലും എത്തിക്കും.

നെയ്യ്, തേൻ, കറിമസാലകള്‍, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകള്‍, ഫ്ലോർ ക്ലീനറുകള്‍, ടോയ്‌ലറ്ററീസ്‌ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വിലക്കുറവ് നല്‍കും.

255 രൂപയുടെ ആറ് ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാൻഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാൻഡഡ് ഉല്‍പന്നങ്ങള്‍ക്ക് ആകർഷകമായ കോമ്ബോ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്.