തിരുനെല്ലി വാവുബലി: കെഎസ്ആർടിസിയുടെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ ഇടപെടൽ.



ഭക്തജനങ്ങളെ മണിക്കൂറുകളോളം ദുരിതത്തിലാക്കിയ നടപടി പ്രതിഷേധാർഹം

തിരുനെല്ലി ക്ഷേത്രത്തിൽ കർക്കിടക വാവുബലി ദർപ്പണം കഴിഞ്ഞ് മടങ്ങിയ നൂറുകണക്കിന് ഭക്തജനങ്ങൾ കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ് സമയബന്ധിതമായി ലഭിക്കാത്തതിനെ തുടർന്ന് മണിക്കൂറുകളോളം ദുരിതത്തിലായി. ഉച്ചകഴിഞ്ഞ് ഏകദേശം രണ്ട് മണിക്കൂറോളം ബസ് സർവീസ് എത്താതിരുന്നതിനെ തുടർന്ന് ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ കടുത്ത പ്രയാസമാണ് നേരിട്ടത്.

സംഭവസ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തരമായി ബസ് സർവീസ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഭക്തജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പകരം ധിക്കാരപരമായ സമീപനമാണ് ഉണ്ടായത്.

തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മാനന്തവാടി കെഎസ്ആർടിസി ഓഫീസ് ഉപരോധിക്കുകയും അടിയന്തരമായി സ്പെഷ്യൽ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി സ്പെഷ്യൽ ബസ് സർവീസുകൾ ഏർപ്പെടുത്തുന്നതിനുള്ള നടപടി കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നും സ്വീകരിക്കുകയായിരുന്നു.

ഇതിനിടെ തിരുനെല്ലി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഏകദേശം പത്ത് ജീപ്പ് സർവീസുകൾ ഏർപ്പെടുത്തി ഭക്തജനങ്ങളെ മാനന്തവാടിയിൽ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.

വാവുബലി ദിനത്തിൽ സ്പെഷ്യൽ സർവീസുകളുടെ കുറവ് സംബന്ധിച്ച് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം തന്നെ വാർത്തയിലൂടെ കെഎസ്ആർടിസിയുടെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടാതെ സ്പെഷ്യൽ സർവീസുകളുടെ അപര്യാപ്തത സംബന്ധിച്ച് സ്ഥലം എംഎൽഎയോടും നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നിട്ടും ആവശ്യമായ മുൻകരുതലുകളോ കൃത്യമായ ഇടപെടലുകളോ നടത്താത്തതാണ് ഭക്തജനങ്ങൾക്ക് ഈ ദുരവസ്ഥ ഉണ്ടാകാൻ കാരണമായത്.

വലിയ തോതിൽ ഭക്തജനങ്ങൾ എത്തുമെന്ന് വ്യക്തമായിരിക്കെ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കുന്നതിൽ കെഎസ്ആർടിസി കാണിച്ച അനാസ്ഥ അംഗീകരിക്കാനാവില്ല. ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളോട് കാണിച്ച ഈ സമീപനം കടുത്ത അനീതിയാണ്.

ഭാവിയിൽ ഇത്തരം പ്രധാന തീർത്ഥാടന ദിവസങ്ങളിൽ ആവശ്യമായ എണ്ണം സ്പെഷ്യൽ സർവീസുകൾ മുൻകൂട്ടി ഉറപ്പാക്കണമെന്നും, ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസിയും ബന്ധപ്പെട്ട ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നും ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.