ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കും.


സംസ്ഥാനത്ത് ഇന്നുമുതല്‍ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തില്‍ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് ഒന്ന് മുതല്‍ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.