സ്കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റു; എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.


പറവൂരില്‍ സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

പറവൂര്‍ ചെറിയപല്ലംതുരുത്ത് സ്വദേശികളായ സനീഷ് - നീതു ദമ്പതികളുടെ മകള്‍ സ്വാതി (13) ആണ് മരണപ്പെട്ടത്. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്വാതി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം നടന്നത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂളില്‍ പോകാനായി യൂണിഫോം ഇസ്തിരിയിടവേ, ഉപയോഗിച്ചിരുന്ന അയണ്‍ ബോക്‌സില്‍ നിന്ന് കുട്ടിയ്ക്ക് അപ്രതീക്ഷിതമായി ഷോക്കേല്‍ക്കുകയായിരുന്നു.

അപകടസമയത്ത് കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഉടന്‍ തന്നെ ഓടിയെത്തി. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ പറവൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനുമായി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.