ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; പത്തോളം കുട്ടികൾക്ക് പരിക്ക്.

 


​ചാലക്കുടി: തൃശൂർ ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞു. ആവൂർ സെന്റ് ജോസഫ് സ്കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.

​സംഭവസമയത്ത് വാഹനത്തിൽ ഏകദേശം നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല എന്നത് വലിയ ആശ്വാസമായി.

​അപകടവിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പരിസരത്തുണ്ടായിരുന്നവരും സ്ഥലത്തോടിയെത്തി കുട്ടികളെ വാഹനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. കനാലിൽ വീണ വാഹനം കരയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.