2026 ഓഗസ്റ്റ് 10, തിങ്കള്‍
1201 കര്‍ക്കടകം 25, തിരുവാതിര
1448 സ്വഫർ 26
◾ സംസ്ഥാനത്തെ മഴക്കെടുതിയില്‍ 121 കോടി രൂപയുടെ കൃഷിനാശം. മഴമൂലം 45,000 കര്‍ഷകര്‍ക്കു നാശനഷ്ടമുണ്ടായെന്നും കൃഷിമന്ത്രി ടി സിദ്ദിഖ്. കര്‍ഷകര്‍ക്ക് സഹായം നല്‍കുമെന്നും, വിവിധ ധനകാര്യ ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
◾ സംഘപരിവാര്‍ സഹയാത്രികന്‍ ടി.ജി. മോഹന്‍ദാസ് കസ്റ്റഡിയില്‍. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവച്ചു കൊല്ലണമെന്നും പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യണമെന്നും അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിച്ച ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
◾ അര്‍ജുന്‍ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. ഇയാളെ തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കണ്ണൂര്‍ സൈബര്‍ പൊലീസ് എടുത്ത കേസിലാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ വകുപ്പ് ചുമത്താനാണ് പൊലീസ് നീക്കം. 23 കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോര്‍ട്ട്.
◾ ദേശീയ പരീക്ഷാ ഏജന്‍സിയുടെ പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ളാദ് ജോഷി. സൈബര്‍ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ഫോറന്‍സി വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മന്ത്രി വിളിച്ച ഉന്നതാധികാര സമിതി തീരുമാനിച്ചു.
◾ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ ഇന്നു ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിയമസഭ ബില്‍ പാസാക്കിയിരുന്നു.
◾ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം പുത്തരിയല്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 148 പേരെയാണ് കടലില്‍ കാണാതായതെന്നും പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത്തവണ മൂന്നുപേരെ കാണാതായി. സര്‍ക്കാര്‍ അവരുടെ കുടുംബത്തോടൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ലോക് ഭവന്‍. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന്‍ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിശദീകരമാണമാണ് വിദ്യാഭ്യാസ മന്ത്രി ഷംസുദീന്‍ നല്‍കിയത്.
◾ മലപ്പുറത്ത് അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ ടി.എ. ഹാരിസിനെ മഞ്ചേരിയില്‍ നിന്ന് പിടികൂടിയെന്ന് എന്‍ ഐ എ.
◾ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് .
◾ ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തില്‍ ഉദ്ഘാടകനായാണ് വൈസ് ചാന്‍സലര്‍ പങ്കെടുത്തത്.
◾ പൊലീസിനെതിരെ ഭീഷണി മുഴക്കിയതടക്കമുള്ള കേസുകളില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ പ്രണവിനെ പോലീസ് തെരയുന്നു. അര്‍ജുന്‍ ആയങ്കി ഒളിവിലിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവാദ പോസ്റ്റുകള്‍ ഇട്ടത് പ്രണവാണെന്നാണ് പൊലീസ് കണ്ടെത്തല്‍.
◾ വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകന് സസ്പെന്‍ഷന്‍. പള്ളത്തുടക്ക സ്‌കൂള്‍ അധ്യാപകന്‍ ഗുരു പ്രസാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾ പ്രതിപക്ഷ ഉപനേതാവിനു മുറി വേണമെന്ന സിപിഎമ്മിന്റെ അവകാശവാദം സര്‍ക്കാര്‍ തള്ളി. നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന ആവശ്യം സ്പീക്കര്‍ നിരസിച്ചു. കെ.എന്‍ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്.
◾ യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. വന്ദേമാതരം സര്‍ക്കുലര്‍, വഖഫ് ഭേദഗതി, പി എം ശ്രീ പദ്ധതി എന്നിവയില്‍ അതു കാണാമെന്നും അദ്ദേഹം പറഞ്ഞു.
◾ നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. ഗൗതമിന്റെ അമ്മയെ ആശ്വസിപ്പിച്ച അദ്ദേഹം, കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സജീവമായി തുടരുമെന്ന് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് ഐ ജിയുമായി സംസാരിച്ചെന്നും കോസ്റ്റല്‍ പോലീസിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
◾ ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍. വില്‍പനയ്ക്കായി എത്തിച്ച ഒരു ആനക്കൊമ്പും കസ്റ്റഡിയിലെടുത്തു. കക്കോടി സ്വദേശിയായ അസീല്‍, മുഹമ്മദ് റിഹാന്‍, താമരശ്ശേരി സ്വദേശി പരീദ്, കോട്ടയം സ്വദേശി വിന്‍സെന്റ്, തിരുവനന്തപുരം സ്വദേശികളായ സുധീര്‍, ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്.
◾ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും മൈക്കല്‍ ബൗലോസും വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര നടത്തി. സ്പൈസ് റൂട്ട്സ് ലക്ഷ്വറി ക്രൂയിസ് ഒരുക്കിയ യാത്രയില്‍ നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനം കാണുകയും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുകയും ചെയ്തു.
◾ ശശി തരൂരിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബിജെപിക്ക് സുഖിക്കുമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ വിമര്‍ശനം. ഇന്നലെ അലഹബാദില്‍ നിറയെ വിദ്യാര്‍ഥികള്‍ എത്തി. ഇതൊന്നും കാണാന്‍ അദ്ദേഹം എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
◾ പിറവത്ത് പള്ളിയില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സംഘര്‍ഷം. ഓര്‍ത്തഡോക്സ് - യാക്കോബായ വൈദികര്‍ തമ്മില്‍ ഏറ്റുമുട്ടി. പിറമാടം സെന്റ് ജോണ്‍സ് ബദ്ലഹേം പള്ളിയിലാണ് സംഘര്‍ഷമുണ്ടായത്. പള്ളിയുടെ നിയന്ത്രണം നിലവില്‍ പൊലീസ് ഏറ്റെടുത്തു.
◾ വന്ദേമാതരം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി ഷംസുദീന്‍ നടത്തിയ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്ന് മുന്‍ മന്ത്രി പി രാജീവ്. ഗവര്‍ണര്‍ പറഞ്ഞത് അപ്പാടെ ചെയ്യാമെന്നാണ് മന്ത്രി പറയുന്നത്. രാജ്ഭവന്‍ പറയുന്നത് ചെയ്യാനാണോ സര്‍ക്കാര്‍. ജനാധിപത്യത്തില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് പ്രധാന്യമെന്നും പി രാജീവ് പറഞ്ഞു.
◾ പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ തിരച്ചിലില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം. തിരച്ചിലില്‍ വലിയ വീഴ്ച ഉണ്ടായെന്നും തീരദേശ ജനത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചു സംസാരിക്കുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
◾ സിപിഎം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇ എന്‍ മോഹന്‍ദാസിന്റെ മകന്‍ ധ്യാന്‍ മോഹനന്‍ (38)നെയാണ് പാലക്കാട് സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് മലയോര മേഖലയിലെ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ആശുപത്രിയില്‍ ഉണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയില്‍ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
◾ ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി. വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളേക്കാള്‍ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ചെന്നൈയില്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമര്‍ശം.
◾ സംസ്ഥാന ബജറ്റില്‍ പ്രവാസികളെ പൂര്‍ണ്ണമായും തഴഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നാടിന്റെ ആവശ്യങ്ങള്‍ക്കായുള്ള ലോക കേരള സഭ ഉള്‍പെടെയുള്ള പ്രവാസി പദ്ധതികളോട് യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. പ്രവാസി സമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കവേ അദ്ദേഹം പറഞ്ഞു.
◾ ഓഫീസില്‍ എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്ക് മരിച്ചു. എതിര്‍ത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു.
◾ സ്ട്രോക്ക് ബാധിച്ച് ശരീരം തളര്‍ന്ന് കിടന്ന കിടപ്പു രോഗിയായ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. പടപ്പക്കര ചരുവിള വീട്ടില്‍ ആന്റണിയുടെ മകന്‍ രാജുവിനെ (53) ആണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
◾ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷനിലെ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം മുറുകുന്നതിനിടെ കമ്മീഷനിലെ മൂന്ന് അംഗങ്ങള്‍ രാജിവച്ചു. ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി ഐ ഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഇവരുടെ രാജി.
◾ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജെന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് മുന്‍ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍. ജെന്‍സി തങ്ങളുടെ കുട്ടികളാണ്. അവര്‍ക്ക് അഭിലാഷങ്ങളുണ്ട്, അവര്‍ ഇന്ത്യയെ വിശ്വ ഗുരുവാക്കും. മന്ത്രി സ്ഥാനം തനിക്ക് പ്രധാനമായിരുന്നില്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
◾ അടിയന്തരാവസ്ഥ കാലത്ത് തടവില്‍ കഴിഞ്ഞവര്‍ക്ക് 10,000 രൂപ പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. 'പശ്ചിമബംഗ ലോക് തന്ത്ര സേനാനി സമ്മാന്‍' എന്നപേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
◾ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ കാറിന് നേരേ ആക്രമണം. ഞായറാഴ്ച നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. അക്രമികള്‍ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാര്‍ ആക്രമിച്ചെന്നും താന്‍ കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു.
◾ പ്രളയക്കെടുതിയില്‍ വലയുന്ന ആസാമില്‍ മരണസംഖ്യ 99 ആയി. വിവിധ ജില്ലകളിലെ ഗ്രാമങ്ങളിലും റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. 12 ജില്ലകളിലെ 460 ഗ്രാമങ്ങളിലുള്ള 1,47,376 ആളുകള്‍ ഇപ്പോഴും പ്രളയക്കെടുതിയിലാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
◾ മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി അപകടത്തില്‍പ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
◾ ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയില്‍ അനധികൃത കുടിയേറ്റക്കാരായ 105 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീല്‍ഡ്, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ മേഖലകളിലാണ് ഓപ്പറേഷന്‍ മുക്ത എന്ന പേരില്‍ പൊലീസ് പ്രത്യേക പരിശോധന നടത്തിയത്.
◾ മുംബൈ നടിയെ പീഡിപ്പിച്ച കേസില്‍ സിനിമാ സംവിധായകന്‍ അറസ്റ്റില്‍. 33-കാരിയായ നടിയുടെ പരാതിയില്‍ ഷക്കീല്‍ നൂറാനി (73) എന്ന സംവിധായകനാണ് അറസ്റ്റിലായത്.
◾ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി ആരോഗ്യവാനായിരിക്കുന്ന ദൃശ്യം പുറത്തുവിട്ട് ഇറാന്‍ മാധ്യമം. മൊജ്തബ ഖമനെയി ഗുരുതരാവസ്ഥയിലാണെന്ന ഇസ്രായേലി മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള മെഹ്ര് ന്യൂസ് ഏജന്‍സി ആണ് മൊജ്തബ ഖമനെയിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
◾ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി തള്ളി ഇസ്രയേല്‍. 'ബോര്‍ഡ് ഓഫ് പീസ്'എന്ന പേരിലാണ് ട്രംപ് സമാധാന പദ്ധതി മുന്നോട്ട് വച്ചിരുന്നത്. ഈ നിര്‍ദ്ദേശം തള്ളുന്നതായാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.
◾ നിരോധിത ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാരി സയീദ് അബ്ദുള്‍ അസീസിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനിലെ ഇസ്ലാമബാദില്‍ മോസ്‌കില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതിന് മുന്‍പ് ഖാരി സയീദ് അബ്ദുള്‍ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.
◾ നബിദിനം പ്രമാണിച്ച് യുഎഇയില്‍ ഓഗസ്റ്റ് 28, വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്കും ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കുമെന്ന് യുഎഇ ഗവണ്‍മെന്റ് അറിയിച്ചു.
◾ പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഈ കരാര്‍ തികച്ചും പ്രതിരോധ സ്വഭാവമുള്ളതാണെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വ്യക്തമാക്കി.
◾ 2027-ല്‍ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുന്നതില്‍ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടു. ഇനി യോഗ്യതാ മത്സരങ്ങള്‍ കളിച്ചാല്‍ മാത്രമേ വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാന്‍ സാധിക്കൂ. 2027 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് മല്‍സരം.
◾ ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഇരട്ട മെഡല്‍ നേട്ടം. ഹൈജമ്പില്‍ ബസന്ത് കുമാര്‍ മേഘ്വാള്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍, ലോങ് ജമ്പില്‍ ഷാനവാസ് ഖാന്‍ വെങ്കലം കരസ്ഥമാക്കി.
◾ പരിക്കേറ്റ സായ് സുദര്‍ശന് പകരം മുംബൈ താരം സര്‍ഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബിസിസിഐ ഉള്‍പ്പെടുത്തി. ടീം പ്രഖ്യാപിച്ചതിനുശേഷം പരിക്കുമൂലം ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദര്‍ശന്‍.
◾ കൊച്ചിന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡിന് ലാഭത്തില്‍ റെക്കോഡ്. കമ്പനിയുടെ ചരിത്രത്തിലാദ്യമായി സിയാലിന്റെ ലാഭം 500 കോടി കടന്നു. നിക്ഷേപകര്‍ക്ക് 55% ലാഭവിഹിതം ബോര്‍ഡ് ശുപാര്‍ശ ചെയ്തു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1220 കോടി രൂപ സിയാല്‍ മൊത്തവരുമാനം നേടി. മുന്‍വര്‍ഷത്തേക്കാള്‍ 6.6 ശതമാനമാണ് വര്‍ധനവ്. അറ്റാദായം 499 കോടി രൂപയില്‍ നിന്ന് 502 കോടിയായി ഉയര്‍ന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 1,14,42,583 യാത്രക്കാരാണ് സിയാല്‍ വഴി യാത്ര ചെയ്തത്. ഇതേ കാലയളവില്‍ 73,134 വിമാന സര്‍വീസുകളും വിമാനത്താവളം കൈകാര്യം ചെയ്തു. തുടര്‍ച്ചയായ നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളമെന്ന നേട്ടവും സിയാല്‍ നിലനിര്‍ത്തിയിരുന്നു.
◾ ആപ്പിളിന്റെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഭാവിയില്‍ ഉപയോക്താക്കള്‍ പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കേണ്ടി വന്നേക്കും. വര്‍ഷങ്ങളായി കൂടുതല്‍ ബുദ്ധിശേഷിയുള്ള 'ആപ്പിള്‍ സിരി'ക്കായി കാത്തിരിക്കുന്ന ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് ഇത് തിരിച്ചടിയായി. പുതിയ എ.ഐ സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഉയര്‍ന്ന കമ്പ്യൂട്ടിങ് ചെലവുകളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. അടിസ്ഥാന എ.ഐ സൗകര്യങ്ങള്‍ സൗജന്യമായിരിക്കുമെങ്കിലും കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ മാത്രമാകും ലഭ്യമാവുക. 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 18 പ്രോ മോഡലുകളോടൊപ്പം എത്തുന്ന ഐ.ഒ.എസ് 27 അപ്‌ഡേറ്റിലാകും പൂര്‍ണമായും നവീകരിച്ച എ.ഐ സിരി അവതരിപ്പിക്കുക.
◾ സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മധുരമീ ജീവിത'ത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ജോണി ആന്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കര്‍, റോയ് സെബാസ്റ്റ്യന്‍, വിവേക് ശ്രീ, അന്‍സല്‍ പള്ളുരുത്തി, ദില്‍ഷാ പ്രസന്നന്‍, പൂജിത മേനോന്‍, ഗായത്രി സുരേഷ്, മറീന മൈക്കിള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ ചന്തുമേനോന്റെ (സിദ്ദിഖ്) ജീവിതത്തില്‍ സ്‌കൂള്‍ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നത്.
◾ സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി' എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസിക്ക് ഓപ്പണിംഗ് ഡേയില്‍ ആറ് കോടിയാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോള്‍, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. സഞ്ജന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അഡ്വഞ്ചര്‍ ബൈക്ക് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 'ഡി4ജി' എന്ന് കോഡ് നെയിം നല്‍കിയിട്ടുള്ള ഹിമാലയന്‍ 440 പ്രോജക്ടില്‍ പ്രവര്‍ത്തിച്ച് വരികയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഹിമാലയന്‍ 411 പകരക്കാരനായി ഹിമാലയന്‍ 440 അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് മറ്റൊരു മോഡലായ സ്‌ക്രാം 440നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. സ്‌ക്രാം 440ല്‍ ഉള്ള അതേ 443 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും ഹിമാലയന്‍ 440ലും പ്രതീക്ഷിക്കുന്നത്. ഈ എന്‍ജിന്‍ 25 ബിഎച്ച്പി കരുത്തും 34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ബന്ധിപ്പിക്കും. റൈഡിങ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ച് ചെയ്യാവുന്ന എബിഎസ്, ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് തുടങ്ങിയവ ഈ മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളായി വരാം.
◾ അനശ്വര ക്ലാസിക് കൃതിയുടെ സംഗ്രഹീത പുനരാഖ്യാനം. ഒരു കഷണം റൊട്ടി മോഷ്ടിച്ചതിന്റെ പേരില്‍ 19 കൊല്ലം തടവറയില്‍ കഴിയേണ്ടിവന്ന ജീന്‍ വാല്‍ ജീന്‍ എന്ന മനുഷ്യന്റെ അതിജീവനത്തിന്റെയും മാനസാന്തരത്തിന്റെയും കഥ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന പുനരാഖ്യാനം നന്മയും തിന്മയും തമ്മിലുള്ള നിത്യസമരത്തിലേക്ക് ക്ഷണിക്കുന്ന, ഹൃദയം തൊടുന്ന വായനാനുഭവം. 'പാവങ്ങള്‍'. വിക്ടര്‍ ഹ്യൂഗോ. പുനരാഖ്യാനം: ഇ.എ. കരുണാകരന്‍ നായര്‍. മനോരമ ബുക്സ്. വില 370 രൂപ.
◾ രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ കൈകള്‍ എങ്ങനെ വെച്ചിരിക്കുന്നു എന്നതില്‍ വലിയ കാര്യമുണ്ടെന്ന് പുതിയ പഠനം. കൈകള്‍ മൂന്ന് വ്യത്യസ്തമായ സ്ഥാനങ്ങളില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യത്യസ്ത റീഡിങ്ങുകള്‍ രേഖപ്പെടുത്തിയതായി ജെഎഎംഎ ഇന്റേണല്‍ മെഡിസിന്‍ ട്രസ്റ്റഡ് സോഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. നാല് മുതല്‍ ഏഴ് വരെ പോയിന്റുകളില്‍ വ്യത്യാസം രേഖപ്പെടുത്തിയതായി പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മേശ പോലുള്ള കട്ടിയുള്ള പ്രതലത്തില്‍ കൈകള്‍ വെച്ചുകൊണ്ട് പരിശോധിക്കുന്ന രക്തസമ്മര്‍ദം ഒരു വ്യക്തിയുടെ അയാളുടെ മടിയിലോ തൂക്കിയിടുമ്പോഴോ ഉള്ളതിനെക്കാള്‍ കുറവാണെന്ന് പഠനത്തില്‍ പറയുന്നു. യാഥാര്‍ഥത്തില്‍ ഒരു വ്യക്തിക്ക് രക്തസമ്മര്‍ദത്തിന്റെ നിരക്ക് 126 ആണെങ്കില്‍ ഇത്തരത്തില്‍ തെറ്റായി കൈകള്‍ വെക്കുന്നത് 130 ആയോ അതിന് മുകളിലായോ രേഖപ്പെടുത്താന്‍ കാരണമാകുന്നു. ഇത് അയാളെ 1 ഹൈപ്പര്‍ടെന്‍ഷന്റെ വിഭാഗത്തില്‍ പെടുത്തും. ഇതുമൂലം അനാവശ്യ മരുന്നുകള്‍ കഴിക്കേണ്ടതായും വരും. കൈകള്‍ മേശയോ കസേരയോ പോലുള്ള കഠിനമായ പ്രതലത്തില്‍ വിശ്രമിക്കുമ്പോള്‍ എടുക്കുന്ന രക്തസമ്മര്‍ദ്ദമാണ് ഏറ്റവും കൃത്യമായതെന്ന് ഗവേഷകര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം അളക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദം പരിശോധിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് കഫീന്‍, പുകവലി, വ്യായാമം എന്നിവ ഒഴിവാക്കുക. ഹൃദയത്തിന്റെ മുകള്‍ ഭാഗത്തിന് സമാനമായി കൈകളുടെ മുകള്‍ ഭാഗത്ത് രക്തസമ്മര്‍ദം റീഡ് ചെയ്യുന്നതിനായി കഫ് സ്ഥാപിക്കുക. കസേരയില്‍ ഇരുന്നുകൊണ്ട് പാദങ്ങള്‍ നിലത്ത് തൊട്ട് ഇരിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ആദ്യ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയുമായാണ് അയാള്‍ കപ്പല്‍യാത്രയ്ക്കെത്തിയത്. കപ്പല്‍ അപകടത്തില്‍ പെട്ടു. ലൈഫ്ബോട്ടുകളിലേക്ക് ആളുകളെ കയറ്റുന്നു. അയാളും ലൈഫ്ബോട്ടിലൊന്നില്‍ കയറിപ്പറ്റി. അപ്പോഴും തന്റെ കയ്യെഴുത്തുപ്രതി ഭദ്രമായി പിടിച്ചിട്ടുണ്ട്. അപ്പോഴാണ് ഒരു കുഞ്ഞ് കടലില്‍ മുങ്ങിത്താഴുന്നത് അദ്ദേഹം കണ്ടത്. കയ്യിലെ കൃതി ഉപേക്ഷിച്ച് അയാള്‍ കടലിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷിച്ചു ലൈഫ് ബോട്ടിലെത്തിച്ചു. തിരിഞ്ഞൊന്ന് പരതിനോക്കിയെങ്കിലും അയാള്‍ക്ക് തന്റെ കയ്യെഴുത്തുപ്രതി കണ്ടെത്താനായില്ല. തന്റെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതല്ല, തന്നേക്കൊണ്ട് മറ്റുളളവരുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നാതാവണം നമ്മുടെ സന്തോഷത്തിന് കാരണം. സ്വന്തം വഴികള്‍ വെട്ടിത്തെളിക്കാനും ആഗ്രഹങ്ങള്‍ നേടിയെടുക്കാനും ആര്‍ക്കും കഴിയും. നിരന്തരമായ പരിശ്രമം കൈമുതലായുണ്ടായാല്‍ മതി. ഒരാളുടെ യഥാര്‍ത്ഥമഹത്വം തിരിച്ചറിയുന്നത് പ്രതിസന്ധിഘട്ടങ്ങളിലെ അയാളുടെ തിരിഞ്ഞെടുപ്പുകള്‍ ആണ്. എല്ലാം ശുഭകരമായി നില്‍ക്കുമ്പോള്‍ മറ്റുളളവര്‍ക്ക് വേണ്ടി പ്രവൃത്തിക്കാന്‍ പലരും തയ്യാറാകും. പക്ഷേ, സ്വന്തം കാര്യം കഷ്ടത്തിലായിരിക്കുമ്പോഴും അന്യന് മുന്‍ഗണന നല്‍കാന്‍ കഴിയണമെങ്കില്‍ അത്രയ്ക്ക് കരുണാര്‍ദ്രമായിരിക്കണം ആ ജീവിതം. വാരിക്കൂട്ടുന്നവ മാത്രമല്ല, വിട്ടുകളയുന്നതും കൂടി ചേര്‍ന്നാണ് ജീവിതത്തിന്റെ മൂല്യം തീരുമാനിക്കുന്നത്. നിശ്ശബ്ദമായിപോയേക്കാവുന്ന ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞാല്‍ അതാണ് സ്വന്തം ജീവിതത്തിലൂടെ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സന്ദേശം - ശുഭദിനം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ