പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ...


2026  ഓഗസ്റ്റ് 2, ഞായര്‍, 
1201  കര്‍ക്കടകം 17, പൂരുരുട്ടാതി
1448  സഫർ 18

◾  അതിതീവ്ര മഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിലും ഒഴുക്കില്‍പെട്ടും ഒമ്പതു പേര്‍ മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തുമായി മല്‍സ്യബന്ധനത്തിനു പോയ അഞ്ചു പേരെ കാണാനില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകള്‍ പ്രളയഭീതിയില്‍. പത്തനംതിട്ട റാന്നിയില്‍ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1,465 പേരെ മാറ്റിപാര്‍പ്പിച്ചു.

◾  മഴമൂലം സംസ്ഥാനത്ത് ഇന്നലെ ഒമ്പതു മരണം. കോട്ടയം വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരനായ കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ ഷിജു, മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ എറിയാട് തോട്ടില്‍ ഒഴുക്കില്‍ പെട്ട് അബ്ദുല്‍ മുനീറിന്റെ മൂന്നു വയസുള്ള മകന്‍ അബ്ദുല്‍ മുഹൈനി എന്നിവര്‍ മരിച്ചു. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ ഉരുള്‍പൊട്ടലില്‍ വീട് ഇടിഞ്ഞ് ഇരുപത്തിനാലുകാരനായ ജോസഫിന്‍ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി, കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍, ഇടുക്കി കോലാഹലമേട്ടില്‍ വീടിനു മുകളില്‍ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ എന്നിവര്‍ മരിച്ചു. വയനാട്ടില്‍ പടിഞ്ഞാറെത്തറയില്‍ കുളത്തില്‍ നിന്ന് വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവേ മാഞ്ഞൂര്‍ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞു കാണാതായ പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. കാണാതായ മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു.

◾  കനത്ത മഴ അഞ്ചാം തീയതിവരെ തുടരും. 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കിയത്.


◾  കനത്ത മഴയെ തുടര്‍ന്ന് സെറ്റ്, എംജി സര്‍വ്വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവച്ചു. ഇന്നലെ പരീക്ഷ എഴുതാന്‍ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് പിഎസ്സി അറിയിച്ചു.

◾  എട്ട് ജില്ലകളില്‍ സ്പെഷ്യല്‍ ക്ലാസുകള്‍ക്കും മതബോധന ക്ലാസുകള്‍ക്കും ഇന്ന് അവധി. പത്തനംതിട്ട, എറണാകുളം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കോട്ടയം, മലപ്പുറം എന്നീ ജില്ലകളില്‍ മദ്രസ്സകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

◾  പമ്പാ നദിയില്‍ വെള്ളപൊക്കം. നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഇന്നും നാളേയും ശബരിമല ദര്‍ശനം നടത്താന്‍ ഭക്തര്‍ വരരുതെന്ന് അധികൃതര്‍ അറിയിച്ചു.

◾  മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍. വീടുകളും കൃഷിയും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ 17 വീടുകള്‍ പൂര്‍ണമായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

◾  അടിയന്തര സാഹചര്യം നേരിടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എല്ലാ ഡിഎംഒ മാരുടെയും ഡി പി എമ്മുമാരുടെയും അടിയന്തര യോഗം വിളിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

◾  ഓണക്കാല റേഷന്‍ വിതരണം നാളെ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യം. കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും 2 കിലോ സ്‌പെഷ്യല്‍ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും 3 കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നല്‍കും. വെള്ള കാര്‍ഡിന് 7 കിലോ അരി 10.90 രൂപാ നിരക്കിലും 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും.



◾  മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായി. ഇന്നലെ രാവിലെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയ ഹെലികോപ്റ്റര്‍ കാലാവസ്ഥ മോശമായതിനാല്‍ തിരികേപോയി. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയില്‍ പറന്നിറങ്ങി. ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്റര്‍ യാത്രയെന്നാണ് ഇടതുനേതാക്കളുടെ വിമര്‍ശനം. മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.

◾  ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ 2597 കോടി രൂപ അധിക ഗഡു അനുവദിച്ചു. ഓഗസ്റ്റ് മാസത്തെ പതിവ് നികുതി വിഹിതത്തിനു പുറമെയാണിത്.

◾  കൊച്ചിയില്‍ രാസലഹരിയുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വെണ്ണല പുനത്തി റോഡിലെ ഒരു വീട്ടില്‍ നിന്നാണ് 4.48 ഗ്രാം എംഡിഎംഎ-യുമായി കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. മരട് തോമസ്പുരം സ്വദേശി  റിജോയ് ബെക്സണ്‍ ഫ്രാന്‍സിസ് (23), പുത്തന്‍കുരിശ് സ്വദേശി ബിനു മോഹനന്‍ (32), പനങ്ങാട് സ്വദേശി സാന്ദ്രാഞ്ജലി (24), ഹരിപ്പാട് സ്വദേശി പാര്‍വ്വതി (25) എന്നിവരാണ് അറസ്റ്റിലായത്.

◾  കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമക്കെതിരെയും അന്വേഷണം. മന്ത്രി കെ എം ഷാജിയുടെ നിര്‍ദേശത്തിനു വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പില്‍നിന്ന് ഉത്തരവിറക്കിയ അണ്ടര്‍ സെക്രട്ടറി നമിതക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

◾  കശുവണ്ടി വികസന കോര്‍പ്പേറേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറി കെ എ രതീഷിനോട് രാജി വക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കശുവണ്ടി അഴിമതി കേസില്‍ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു.



◾  അതിതീവ്ര മഴയെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് 422 മീറ്ററിലെത്തിയാല്‍ ഡാം തുറക്കും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

◾  നെയ്യാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. പരമാവധി ജലനിരപ്പായ 84.75 മീറ്ററില്‍ തന്നെ ജലനിരപ്പ് തുടരുകയാണ്. നെയ്യാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

◾  സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

◾  എഴുത്തുകാരനും സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു. 95 വയസായിരുന്നു.

◾  മാന്നാറില്‍ ബസ് സ്‌കൂട്ടറില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി വിപിന്‍ കൃഷ്ണനാണ് അറസ്റ്റിലായത്. പരിക്കേറ്റ ഡ്രൈവര്‍ വിജയന്‍ ചികിത്സയിലാണ്.

◾  ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി കോടതിയില്‍ കീഴടങ്ങി. മണ്ണൂര്‍ പത്തിരിപ്പാല സ്വദേശി അബ്ദുല്‍ സലാം (31) ആണ് വെള്ളിയാഴ്ച പാലക്കാട് കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു.

◾  ആലത്തൂര്‍ തെന്നിലാപുരത്ത് അഴയില്‍ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദയാണ് മരിച്ചത്. കഴിഞ്ഞ 24 നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയില്‍ ഇട്ടപ്പോള്‍ ആയിരുന്നു അപകടം.

◾  പുരോഗതിയുടെ പ്രേരകശക്തിയാണു യുവാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മ്മാണവും സമ്പദ്വ്യവസ്ഥയും മുതല്‍ ബഹിരാകാശ ഗവേഷണം വരെയുള്ള മേഖലകളിലെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം യുവാക്കളെ അഭിനന്ദിച്ചത്. മൈസൂരുവില്‍ സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ യൂത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  സനാതന ധര്‍മ്മത്തെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് വാരാണസി പൊലീസ്. പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി.

◾  ഇറാന്‍ യുദ്ധകാലത്ത് ഇന്ധനവില വര്‍ധന തടയാന്‍ ഇ-20 പെട്രോള്‍ നയം സഹായിച്ചെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എത്തനോള്‍ കലര്‍ത്തുന്നതുമൂലം ലിറ്ററിന് 30 രൂപയോളം ലാഭിക്കാനായെന്നും മൈലേജ് കുറയുമെന്ന വിമര്‍ശനങ്ങളെക്കാള്‍ വലുതാണ് ഈ നേട്ടമെന്നും സര്‍ക്കാര്‍.

◾  രാജ്യത്ത് ഇ 20 ഇന്ധനം കൊണ്ടുവന്നതില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ഓഗസ്റ്റ് നാലിന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി കേന്ദ്രത്തിന്റെ ഇ20 നയത്തിനെതിരെ പൊതുജനങ്ങളുടെ നിവേദനങ്ങള്‍ സമര്‍പ്പിക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു.

◾  ഇന്ത്യയുടെ വിദേശനയം ശക്തമാക്കുന്നതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ തീരുമാനങ്ങള്‍ക്കു പിന്നിലും ഡോവലിന്റെ ഉപദേശം ഉണ്ടായിരുന്നെന്നും അമിത് ഷാ പറഞ്ഞു. പൂനെയില്‍ അജിത് ഡോവലിന്  ലോകമാന്യ തിലക് പുരസ്‌കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അമിത് ഷാ.

◾  ജമ്മു-കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി.

◾  ഫ്രാന്‍സില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് രണ്ടു കോടി രൂപ പിഴ. ജീവനക്കാരുടെ ജോലി സമയം കൃത്യമായി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഫ്രഞ്ച് തൊഴില്‍ അതോറിറ്റി പിഴ ചുമത്തിയത്.

◾  പ്രശസ്ത നേപ്പാളി പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജ പാകിസ്ഥാനിലെ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തില്‍ മരിച്ചു. '14 പീക്ക്സ്' എന്ന ഡോക്യുമെന്ററിയിലൂടെ ലോകശ്രദ്ധ നേടിയ പുര്‍ജ, ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികള്‍ ഏറ്റവും വേഗത്തില്‍ കീഴടക്കിയ റെക്കോര്‍ഡിന് ഉടമയാണ്.

◾  ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് 2,273 ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. 2026 ജനുവരി 1-നും ജൂലൈ 31-നും ഇടയിലാണ് 2,273 ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

◾  കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിങ് റിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും നേടി്. 51 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി ചൗധരി, 60 കിലോഗ്രാം വിഭാഗത്തില്‍ പ്രിയ ഗന്‍ഗാസ്, 70 കിലോഗ്രാം വിഭാഗത്തില്‍ അരുന്ധതി ചൗധരി, 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാര്‍, 57 കിലോഗ്രാം വിഭാഗത്തില്‍ ജയ്‌സ്മിന്‍ ലംബോറിയ എന്നിവരാണ് സ്വര്‍ണം നേടിയത്. 75 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹൊയ്ന്‍ വെള്ളിയും നേടി. അതേസമയം പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ സച്ചിന്‍ സിവാച്ച് സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 55 കിലോഗ്രാം വിഭാഗത്തില്‍ ജദ്ദുമണി സിങിന് വെള്ളിയാണ് ലഭിച്ചത്. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. പ്രവീണ്‍ ചിത്രവേലുംസെല്‍വ പ്രഭു തിരുമാരനുമാണ് മെഡലുകള്‍ നേടിയത്. പാരാ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ എഫ്-57 ഷോട്ട് പുട്ടില്‍ സോമന്‍ റാണ സ്വര്‍ണവും ശുഭം ജുയല്‍ വെള്ളിയും നേടി.

◾  രാജ്യത്തെ ജിഎസ്ടി വരുമാനത്തിലെ വന്‍ കുതിച്ചുചാട്ടത്തിനൊപ്പം കേരളത്തിനും മികച്ച നേട്ടം. 2026 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര ജിഎസ്ടി പിരിവ് 3,152 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധന. കേന്ദ്രത്തില്‍ നിന്നുള്ള ഐജിഎസ്ടി വിഹിതം കൂടി ചേര്‍ത്തുള്ള അന്തിമ സെറ്റില്‍മെന്റിന് ശേഷം ജൂലൈയില്‍ കേരളത്തിന്റെ ഖജനാവിലേക്ക് എത്തിയ തുക 3,161 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വളര്‍ച്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ സെറ്റില്‍മെന്റിലൂടെ സംസ്ഥാനത്തിന് ലഭിച്ച ആകെ തുക 12,864 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,516 കോടി രൂപയായിരുന്നു. ജൂലൈയില്‍ രാജ്യത്തെ ആകെ ജിഎസ്ടി വരുമാനം 2,11,205 കോടി രൂപയിലെത്തി (2.11 ലക്ഷം കോടി രൂപ). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.4 ശതമാനം വര്‍ധന. ആകെ ജിഎസ്ടി വരുമാനത്തില്‍ 39,835 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 47,881 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. ഇറക്കുമതി നികുതി ഉള്‍പ്പെടെയുള്ള സംയോജിത ജിഎസ്ടി ഇനത്തില്‍ 1,23,490 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു.

◾  ഓഹരി വിപണിയുടെ ചരിത്രത്തിലെ വലിയ റെക്കോഡ് സ്വന്തമാക്കി മൈക്രോസോഫ്റ്റ്. ഒറ്റദിവസത്തെ ഏറ്റവും വലിയ വിപണി മൂല്യവര്‍ധന നേടിയാണ് ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ് ചരിത്രം കുറിച്ചത്. കമ്പനിയുടെ ഓഹരി വില ഒറ്റദിവസം കൊണ്ട് 16 ശതമാനം ഉയര്‍ന്നു. 2008 ഒക്ടോബറിന് ശേഷമുള്ള മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഉയര്‍ന്ന ശതമാന വര്‍ധനവാണിത്. ഒറ്റദിവസത്തെ വ്യാപാരം കൊണ്ട് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യത്തില്‍ ഏകദേശം 450 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 440 ബില്യണ്‍ ഡോളറിന്റെ ഒറ്റദിവസത്തെ വിപണി മൂല്യവര്‍ധനവ് നേടി എന്‍വിഡിയ സ്ഥാപിച്ച റെക്കോഡാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ മറികടന്നത്. മൈക്രോസോഫ്റ്റിന്റെ 'അഷ്വര്‍' ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗത്തിന്റെ വരുമാനത്തില്‍ അന്തിമ സാമ്പത്തിക പാദത്തില്‍ 43 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022-ന് ശേഷമുള്ള അഷ്വറിന്റെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.

◾  സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കുന്ന 'ഇറ്റ്സ് എ മെഡിക്കല്‍ മിറക്കിള്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപ് കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് എന്ന ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. അസാധാരണമായ കേള്‍വി ശക്തി ഒരു സാധാരണക്കാരന് ലഭിക്കുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നാണ് ടീസര്‍ പറയുന്നത്. അഖില ഭാര്‍ഗവന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്.  കോട്ടയം നസീര്‍, ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, പാര്‍വ്വതി ആര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

◾  മലയാള സിനിമയില്‍ സമീപകാലത്തെത്തിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 'ബാലന്‍'. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം എന്നത് റിലീസിന് മുന്‍പു തന്നെ ബാലന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. സീ 5 ലൂടെ ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തിയിരിക്കുകയാണ്. 'മകനേ മകനേ' എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ശങ്ക ട്രൈബും നേഹ നായരും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേഹ നായരും ലിബിന്‍ നോബിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് വേഷങ്ങള്‍ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തി കയ്യടി നേടി.

◾  ഫോര്‍ച്യൂണറിന്റെ പുതിയ ബദല്‍ ഇന്ധന പതിപ്പുകള്‍ അവതരിപ്പിച്ച് ടൊയോട്ട. 2026 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ കമ്പനി ഫോര്‍ച്യൂണറിന്റെ രണ്ട് പുതിയ മോഡലുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ഒന്ന് 100 ശതമാനം ബയോഎത്തനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവല്‍ മോഡലും മറ്റൊന്ന് ഇ50 ബയോഡീസല്‍ പതിപ്പുമാണ്. ഫ്ലെക്സ്-ഫ്യുവല്‍ ഫോര്‍ച്യൂണറില്‍ 100 ശതമാനം ബയോഎത്തനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുതിയ ഫ്യൂവല്‍ ലൈനുകള്‍, ഹോസ് പൈപ്പുകള്‍, എഞ്ചിന്‍ ഹെഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി മെക്കാനിക്കല്‍ ഘടകങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ മോഡലിന് 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് 161 ബിഎച്ച്പി കരുത്തും 243 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ടാമത്തെ മോഡലായ ഇ50 ബയോഡീസല്‍ ഫോര്‍ച്യൂണറില്‍ നിലവിലെ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ്. കൂടാതെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

◾  ആധുനിക മനുഷ്യന്‍ എന്നെത്തേക്കാളും സംഘര്‍ഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘര്‍ഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘര്‍ഷത്തെ മറികടക്കാന്‍ ചില ചികിത്സാ രീതികളും ശാരീരിക മുറകളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യന്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേല്‍പറഞ്ഞ 'ചികിത്സാ മുറകള്‍' മനുഷ്യന്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തന്‍ ശാസ്ത്ര സാങ്കേതിക 'മുറകള്‍'ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നത്. അവകളിലെ ക്രിയ്യാത്മകമായ ചില പദ്ധതികളെ അവലംബിച്ചാണ് ഈ ഗ്രന്ഥം തയ്യാനക്കിയിട്ടുള്ളത്. 'സ്ട്രെസ് പരിഹരിക്കാം'. പി സെല്‍വരാജ്. കൈരളി ബുക്സ്. വില 218 രൂപ.

◾  പ്രോട്ടീന്‍ അമിതമായി കഴിച്ച് വ്യായാമമില്ലാത്ത ജീവിതം നയിക്കുന്നവരാണെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പുതിയൊരു പഠനം. സെല്‍പ്രസ് ബ്ലൂ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ മാഡിസണിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പ്രോട്ടീന്‍ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ചില സാഹചര്യങ്ങളില്‍ ആയുസ്സ് വര്‍ധിപ്പിക്കാനും കുറഞ്ഞ പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് പഠനം പറയുന്നു. പ്രോട്ടീന്‍ കുറഞ്ഞ ആഹാരം കഴിക്കുന്നത് പെട്ടെന്ന് പ്രായമാകുന്നത് തടയുമെന്നും മെറ്റബോളിസം വര്‍ധിപ്പിക്കുകയും കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രോട്ടീന്‍ ആവശ്യകതകളുണ്ടെങ്കിലും വെറുതെയിരിക്കുന്നവരില്‍ അമിതമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പ്രതീക്ഷിക്കുന്നത്ര ആരോഗ്യ ഗുണങ്ങള്‍ നല്‍കില്ലെന്നും ഗവേഷകര്‍ പറയുന്നു. കായിക മേഖലയിലുള്ളവര്‍ ധാരാളം പ്രോട്ടീന്‍ കഴിക്കുമെങ്കിലും സ്ഥിരമായ വ്യായാമമാണ് മെറ്റബോളിക് രോഗങ്ങള്‍ വരാതെ അവരെ സംരക്ഷിക്കുന്നത്. സമീപകാലത്തുവരുന്ന ആരോഗ്യനിര്‍ദേശങ്ങളില്‍ പലതും പ്രോട്ടീന്‍ ധാരാളമായി കഴിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ച് വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു കച്ചവടക്കാരന്‍ കുതിരയുമായി യാത്ര ചെയ്യുകയായിരുന്നു.  വഴിമധ്യേ കുതിരയ്ക്ക് ദാഹിച്ചു. അടുത്തുള്ള കൃഷിയിടത്തിലെ കിണറിനരികിലേക്ക് അയാള്‍ കുതിരയെ കൊണ്ടുപോയി.  അവിടെ ഒരു കര്‍ഷകന്‍ കാളയെ ഉപയോഗിച്ച് പല്‍ച്ചക്രം കറക്കി വെള്ളം പാടത്തേക്ക് ഒഴുക്കുകയായിരുന്നു.   പല്‍ച്ചക്രത്തിന്റെ വലിയ ശബ്ദം കേട്ട് കുതിര ഭയന്നു. എത്ര ശ്രമിച്ചിട്ടും അത് വെള്ളം കുടിച്ചില്ല.  അപ്പോള്‍ കച്ചവടക്കാരന്‍ കര്‍ഷകനോട് പറഞ്ഞു:  'ഈ പല്‍ച്ചക്രം ഒന്ന് നിര്‍ത്താമോ? ഇതിന്റെ ശബ്ദം കേട്ടാണ് കുതിര പേടിക്കുന്നത്.'  കര്‍ഷകന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:  'പല്‍ച്ചക്രം നിര്‍ത്തിയാല്‍ വെള്ളവും നില്‍ക്കും. ദാഹം മാറണമെങ്കില്‍ ഈ ശബ്ദം സഹിച്ചേ പറ്റൂ.' ആ വാക്കുകള്‍ അയാള്‍ക്ക് ജീവിതത്തിലെ വലിയൊരു പാഠമായി.   ജീവിതത്തില്‍ നാം ആഗ്രഹിക്കുന്ന പല നല്ല കാര്യങ്ങള്‍ക്കും ഒപ്പം ചില അസൗകര്യങ്ങളും ഉണ്ടാകും.  വിജയം ആഗ്രഹിക്കുന്നവര്‍ അധ്വാനവും സ്വീകരിക്കണം...  ആരോഗ്യം ആഗ്രഹിക്കുന്നവര്‍ ചികിത്സയുടെ അസ്വസ്ഥതയും സഹിക്കണം... സന്തോഷം ആഗ്രഹിക്കുന്നവര്‍ ജീവിതത്തിലെ ചെറിയ പ്രയാസങ്ങളെയും ഉള്‍ക്കൊള്ളണം.  പൂര്‍ണമായ സൗകര്യങ്ങള്‍ കാത്തിരുന്നാല്‍, പലപ്പോഴും ജീവിതത്തിലെ നല്ല അവസരങ്ങള്‍ നഷ്ടമാകും.   ദാഹിച്ച് നില്‍ക്കണോ... അതോ ശബ്ദം സഹിച്ച് വെള്ളം കുടിക്കണോ...അത് നമ്മുടെ തീരുമാനമാണ്.   കാരണം, ഓരോ സുഖാനുഭവത്തിന്റെയും വഴിയില്‍ ചില അസൗകര്യങ്ങള്‍ കൂട്ടിനുണ്ടാകും.  അവയെ സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവരാണ് ലക്ഷ്യത്തിലെത്തുന്നത്.  - ശുഭദിനം.