നിയമവിരുദ്ധമായി വലിയ ടയറുകൾ ഘടിപ്പിച്ചു; ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി എംവിഡി.

 


ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി പത്തനംതിട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്. നിയമവിരുദ്ധമായി വലിയ ടയറുകളും അധിക ലൈറ്റുകള്‍ ഘടിപ്പിച്ചതിനും രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമല്ലാതെ ഘടിപ്പിച്ചതിനുമാണ് പിഴയിട്ടത്.

അടൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അധിക ലൈറ്റുകള്‍ ഒഴിവാക്കി ഓഫ് റോഡ് വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. KL 30 M 1010 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്.

അതേസമയം, അടൂരിലെ വിവാദ വാഹന പിഴയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന് പിഴ ഇട്ടുവെന്ന ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ പരാതിയിലാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ സ്വകാര്യ ആവശ്യത്തിന് പോകുന്ന സമയത്ത് അടൂരില്‍ വെച്ചാണ് വാഹനം പിടിച്ചതെന്ന് ആര്‍ടിഒ കണ്ടെത്തിയിരുന്നു. പിന്നാലെ പ്രതിഷേധവുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ രംഗത്തെത്തി. ഗതാഗത നിയമലംഘനത്തിന് വാഹനങ്ങള്‍ പിടിച്ചാലും പിഴയീടാക്കില്ല എന്ന നിലപാട് ഉദ്യോഗസ്ഥരെടുത്തു. സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുക്കും വരെ നിസ്സഹകരണം തുടരുമെന്നും അറിയിച്ചു.

ഇതോടെയാണ് സര്‍ക്കാര്‍ വഴങ്ങിയത്. രണ്ട് ഉദ്യോഗസ്ഥരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെങ്കിലും ലൈജു ബി എസിനെ കഴക്കൂട്ടം സബ് ആര്‍ടിഒ ഓഫീസിലേക്കും ഷമീര്‍ എമ്മിനെ മാവേലിക്കര സബ് ആര്‍ടിഒ ഓഫീസിലേക്കും സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണവും തുടരും.