ചൊറിച്ചിലില്ല, പച്ചയ്ക്കും കഴിക്കാം; 'കപ്പ ചേമ്പ്' കൃഷിയുമായി സുനിൽകുമാർ


സുൽത്താൻ ബത്തേരി: സാധാരണ ചേമ്പിൽ നിന്ന് വ്യത്യസ്തമായി ചൊറിച്ചിലില്ലാത്തതും പച്ചയ്ക്ക് കഴിക്കാവുന്നതുമായ 'കപ്പ ചേമ്പ്' കൃഷിയുമായി ശ്രദ്ധേയനാവുകയാണ് ചീരാൽ കല്ലിൻകര സ്വദേശി സുനിൽകുമാർ. തണ്ടിന് നല്ല വയലറ്റ് നിറവും ആനച്ചെവി പോലെ വിടർന്ന ഇലകളുമുള്ള ഈ ഇനം വയനാട്ടിൽ അത്ര പ്രചാരത്തിലില്ല.

പച്ചക്കപ്പ കഴിക്കുന്നത് പോലെ തൊലി കളഞ്ഞ് ഈ ചേമ്പ് നേരിട്ട് കഴിക്കാനാകും. കണ്ണൂർ തില്ലങ്കേരിയിലെ സുഹൃത്തിൽ നിന്നാണ് സുനിലിന് ഇതിന്റെ വിത്ത് ലഭിച്ചത്. ഏപ്രിലിൽ നട്ട ചേമ്പ് അടുത്ത ആഴ്ചയോടെ വിളവെടുക്കും. മുള്ളൻപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കാവലിരുന്നാണ് ഇദ്ദേഹം കൃഷി സംരക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വരും വർഷങ്ങളിൽ വിപുലമാക്കാനാണ് സുനിൽകുമാറിന്റെ തീരുമാനം.