കാളിന്ദിയിലെ കയത്തിൽ മുങ്ങിത്താഴ്ന്നു; വിദേശ വനിതകൾക്ക് രക്ഷകരായി നാട്ടുകാർ


മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിന് സമീപം കാളിന്ദി നദിയിൽ കുളിക്കാനിറങ്ങി ആഴമുള്ള കയത്തിൽ മുങ്ങിത്താഴ്ന്ന വിദേശ വനിതകൾക്ക് നാട്ടുകാർ രക്ഷകരായി. പാണ്ടിക്കടവ് സ്വദേശികളായ സി.കെ. ഉമ്മർ, സി.കെ. ജലീൽ എന്നിവരും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിയും ചേർന്നാണ് ഇവരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെയാണ് ഒരാൾ അപ്രതീക്ഷിതമായി കയത്തിൽപ്പെട്ടത്. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയും വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. 

നീന്തലറിയാത്ത ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ബഹളം കേട്ടാണ് രക്ഷാപ്രവർത്തകർ പുഴയിലേക്ക് എടുത്തുചാടിയത്. ഇവരെ മുങ്ങാതെ പിടിച്ചുനിർത്തുകയും, കരയിലുണ്ടായിരുന്നവർ ഇട്ടുനൽകിയ തുണിയുടെ സഹായത്തോടെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയുമായിരുന്നു.