ജനവാസ മേഖലകളിൽ ആശങ്കയുയർത്തിയ കടുവയെ സ്പോട്ട് ചെയ്‌തതായി വനംവകുപ്പ്


പനമരം: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

 ഇതിനോടനുബന്ധിച്ച് പനമരം മേച്ചേരി ചീക്കല്ലൂർ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് മാറി മാറി സഞ്ചരിക്കുന്നതിനാൽ കൃത്യമായി കടുവയെ ലൊക്കേറ്റ് ചെയ്യാനും പ്രയാസം നേരിടുന്നുണ്ടായിരുന്നു. അതിനിടെ അവിടെയും ഇവിടെയും കടുവയെ കണ്ടതായി വാട്‌സാപ്പിൽ പ്രചരിക്കുന്നതും നാട്ടുകാരിൽ ആശങ്ക വളർത്തുന്നുണ്ട്.

 നിലവിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയം 12 മണിക്ക് അവസാനിച്ചിട്ടുണ്ട്. പുതിയ ഡിവിഷനുകൾ കൂട്ടിച്ചേർത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കും. ഇതിനിടെ ഡോണിൽ പതിഞ്ഞ കടുവ ഡബ്ല്യു 112 ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് വയസോളം പ്രായമുള്ള ആൺകടുവയാണിത്. 

കൽപ്പറ്റ, ബേഗൂർ, വെള്ളമുണ്ട റെയ്ഞ്ച് ഓഫീസുകളിൽനിന്നുള്ള ജീവനക്കാർ പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്. മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽനിന്നുള്ള ആർആർടി സംഘവും സ്ഥലത്തുണ്ട്