സീബ്ര ലൈനിൽ വിദ്യാര്‍ത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം; കൽപ്പറ്റ പോലീസ് കേസെടുത്തു



 സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള ഒരാളെ കാണിച്ചിരുന്നു. ഇതാണ് കൽപ്പറ്റ പോലീസ് പൊളിച്ചടുക്കിയത്. വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയായതിനാൽ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് നൽകുകയും കുട്ടിക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിന് വാഹന ഉടമസ്ഥനെതിരെ കേസെടുത്ത് കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും ഉടമയ്ക്കെതിരെ നടപടിക്കും വാഹനമോടിച്ചയാള്‍ക്ക് 25 വയസ് വരെ ലൈസന്‍സ് ലഭ്യമാക്കാതെയിരിക്കുന്നതിനു മുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. 


04.11.2025 തിയതി ഉച്ചയോടെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്‍വശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് അപകടം സംഭവിച്ചത്. ജനമൈത്രി ജംഗ്ഷന്‍ ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാറാണ് വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്.