കൊൽക്കത്ത: ജനിച്ചതിന് തൊട്ടുപിന്നാലെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് സംരക്ഷകരായി തെരുവ് നായ്ക്കൾ. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ നബദ്വീപ് നഗരത്തിലാണ് തെരുവ് നായകൾ ഒരു രാത്രി മുഴുവൻ നവജാത ശിശുവിന് കാവലിരുന്നത്. പുലർച്ചെ മനുഷ്യരെത്തി കുഞ്ഞിനെ കണ്ടെത്തുംവരെ ഒരു സംഘം നായകൾ കുഞ്ഞിന് ചുറ്റും കാവലിരിക്കുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്താണ് അജ്ഞാതർ നവജാത ശിശുവിനെ ഉപേക്ഷിച്ചത്. നിലത്തുകിടന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായകൾ ആക്രമിച്ചില്ല. പകരം കുഞ്ഞിനു ചുറ്റും വലയം തീർത്തു. രാത്രിമുഴുവൻ കുഞ്ഞിന് ചുറ്റുമായി ഇരുന്ന നായകൾ കുരയ്ക്കുകയോ കുഞ്ഞിനെ കടിക്കുകയോ ചെയ്തില്ല.
പുലർച്ചെ, കുഞ്ഞിന്റെ കരച്ചിൽ മാത്രമാണ് കേട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡൽ എത്തിയപ്പോൾ നായ്ക്കൾ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ