2025 ഡിസംബർ 14 ഞായർ
1201 വൃശ്ചികം 28 അത്തം
1447 ജ : ആഖിർ 23
◾ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശന്‍ വിമര്‍ശിച്ചു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അപ്രതീക്ഷിത തിരിച്ചടിയെന്നാണ് വിലയിരുത്തല്‍. ആവശ്യമായ പരിശോധന നടത്തി തിരുത്തല്‍ വരുത്തുമെന്നും തിരുത്തല്‍ വരുത്തി തിരിച്ചടി അതിജീവിച്ച അനുഭവം ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
◾ തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിലെ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിത്. പാര്‍ട്ടിയുടെയോ, എല്‍ഡിഎഫിന്റെയോ ദൃഷ്ടിയില്‍ പെടാത്ത ചില പ്രവണതകള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നുവേണം ഇപ്പോഴുണ്ടായ പ്രതീക്ഷിക്കാത്ത തോല്‍വിയില്‍ നിന്ന് മനസ്സിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.
◾ അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയുടെ നിലപാടിനെതിരായിട്ടുള്ള വിധിയെഴുത്താണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ ശക്തമായി തരംഗം ആഞ്ഞടിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത ജനവിധിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി ജനങ്ങളില്‍ ബോധ്യപ്പെടുത്തിക്കൊണ്ട് അവരുടെ നടപടികളെ തുറന്നുകാട്ടി ജനങ്ങളെ മതനിരപേക്ഷ പക്ഷത്ത് അണിനിരത്താന്‍ വേണ്ടിയിട്ടുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
◾ തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍. കണ്ണൂര്‍ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ പാറാട് വടിവാളുമായി സിപിഎം പ്രകടനം നടത്തി. പ്രവര്‍ത്തകര്‍ വടിവാള്‍വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയുംവാഹനം തകര്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് വടകര ഏറാമല പഞ്ചായത്തില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിമയുടെ കൈകള്‍ തകര്‍ന്നു. കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകര്‍ത്തു. ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം വാര്‍ഡില്‍ 9 വോട്ടിന് ജയിച്ചിരുന്നു. കാസര്‍കോട് ബേഡകത്ത് യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു സംഘം സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു.
◾ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സി.പി.എം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അക്രമം കൊണ്ട് കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ തകര്‍ക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടി നല്‍കുമെന്നും ആയുധം താഴെ വയ്ക്കാന്‍ സി.പി.എം തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സി.പി.എം ഇപ്പോള്‍ മാറിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇനി ബിജെപി ഭരിക്കും. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകര്‍ത്താണ് അമ്പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചത്. അതേസമയം, സീറ്റ് ഇരട്ടിയാക്കി യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുള്‍പ്പെടെ പ്രമുഖര്‍ ജയിച്ചുകയറി.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'നന്ദി തിരുവനന്തപുരം' എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫില്‍ വളര്‍ന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരുമന്നും വിജയം സാധ്യമാക്കിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
◾ കിഴക്കമ്പലം മോഡല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനിറങ്ങിയ ട്വന്റി 20ക്ക് ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ജയിച്ചതും തിരുവാണിയൂരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതും നേട്ടമായി പറയാം. സാബു എം ജേക്കബിന്റെ പഞ്ചായത്തായ കിഴക്കമ്പലത്ത് അവസാന ഘട്ടം വരെ കടുത്ത മത്സരമാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒരു വാര്‍ഡ് മാത്രം നഷ്ടമായിടത്ത് ഇത്തവണ ജയിച്ചത് 21ല്‍ 15 ഇടത്ത്. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കൈവിട്ടു.
◾ കുന്നത്തുനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ട്വന്റി 20ക്കെതിരെ ഒന്നിച്ചെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്ബ്. ട്വന്റി20 സ്ഥാനാര്‍ഥികള്‍ക്കെതിരെ എല്ലായിടത്തും അപരന്മാരെ നിര്‍ത്തി. രണ്ട് പഞ്ചായത്തുകള്‍ നഷ്ടമാകാന്‍ കാരണം ഈ മുന്നണിയാണ്. പുതുതായി മത്സരിച്ച സ്ഥലങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ജനവിധി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കെടുത്തെന്നും സാബു എം ജേക്കബ് പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം കൈവരിച്ചതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചുവെന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ വിധിയെഴുത്താണിതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലായിടങ്ങളിലും യുഡിഎഫിനു മുന്നേറ്റം ഉണ്ടായി. അധികാരത്തിലിരിക്കുന്നവരേക്കാള്‍ ശക്തി ജനങ്ങള്‍ക്കാണെന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
◾ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം എം പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ രംഗത്ത്. സംസ്ഥാനത്താകെയുള്ള യു ഡി എഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂര്‍, തിരുവനന്തപുരം കോര്‍പറേഷനിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാന്‍ മടികാട്ടിയില്ല. 'ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് എന്‍ഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും കോണ്‍ഗ്രസ് എംപിയാണ് എന്നത് തരൂര്‍ മറക്കുന്നുവെന്നും തരൂര്‍ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു.
◾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടാനിരിക്കുന്ന ആവേശകരമായ വിജയത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ കാഹളമാണ് ഈ മുന്നേറ്റമെന്ന് കെ കെ രമ എംഎല്‍എ. ടി.പിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ നേരിന്റെ ചെമ്പതാകകള്‍ കൂടുതല്‍ ഉയരത്തില്‍ പാറിക്കളിക്കുന്ന ചരിത്രപരമായ ജനവിധി നല്‍കിയ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നും കെ കെ രമ കുറിച്ചു. ഒഞ്ചിയത്തും ജനപക്ഷ വികസനത്തിനും വലിയ അംഗീകാരമാണ് ജനം നല്‍കിയിരിക്കുന്നതെന്നും കെ കെ ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
◾ ഇടുക്കി ജില്ലയിലെ തകര്‍പ്പന്‍ വിജയം നേടിയ യുഡിഎഫിന് മുന്‍ എംഎല്‍എ ഇഎം അഗസ്തിയുടെ പരാജയം നാണക്കേടായി. കട്ടപ്പന നഗരസഭയിലെ 22-ാം വാര്‍ഡില്‍ നിന്നും 59 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തില്‍ നിന്നും സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
◾ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. 196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചത്. ആദ്യം തോറ്റുവെന്ന് ഫലം വന്നെങ്കിലും പള്ളിക്കല്‍ ഡിവിഷനില്‍ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസര്‍ വിജയിയായി പ്രഖ്യാപിച്ചത്.
◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാര്‍ട്ടിയെക്കാള്‍ വലുതെന്ന ഭാവവും അധികാരത്തില്‍ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്റെ വിമര്‍ശനം.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. 'കളയേണ്ടത് കളഞ്ഞപ്പോള്‍ കിട്ടേണ്ടത് കിട്ടി' എന്നാണ് സജന കുറിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതല്‍ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന.
◾ നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തില്‍ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും വിധിന്യായത്തില്‍ പറയുന്നു. ആറുപ്രതികളും ഈയൊരൊറ്റ ലക്ഷ്യത്തോടെയാണ് കൃത്യത്തില്‍ പങ്കെടുത്തതെന്നും ദിലീപിന്റെ ക്വട്ടേഷനാണെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തിലുണ്ട്.
◾ തൃശൂര്‍ പറപ്പൂക്കരയില്‍ സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. 28 വയസ്സുള്ള പറപ്പൂക്കര സ്വദേശി അഖിലിനെയാണ് അയല്‍വാസിയായ രോഹിത്തും സുഹൃത്തുക്കളായ പോപ്പി എന്നറിയപ്പെടുന്ന വിബിന്‍, ഗിരീഷും ചേര്‍ന്ന് ഇന്നലെ രാത്രി വീടിന് മുന്‍പിലെ റോഡില്‍ വെച്ച് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്.
◾ ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
◾ കേരള തലസ്ഥാനത്ത് താമര വിരിയിക്കാനായതില്‍ ദേശീയ തലത്തില്‍ ബി ജെ പിക്ക് വലിയ ആഹ്ളാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വലിയ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. ഇതിനകം എക്സില്‍ 4 കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബി ജെ പി ദേശീയ നേതാക്കളുമെല്ലാം 'തലസ്ഥാന' വിജയം ആഘോഷമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പ്രിയം മലയാളത്തിലെ കുറിപ്പ് തന്നെയാണെന്നാണ് പ്രത്യേകത.
◾ തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയര്‍ വരാന്‍ പോകുന്നുവെന്നും ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നതെന്ന് തെളിഞ്ഞുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വികസിത കേരളം ഉയര്‍ത്തി പ്രചാരണം നയിച്ച സംസ്ഥാന അധ്യക്ഷനും പ്രവര്‍ത്തകര്‍ക്കും അമിത് ഷാ അഭിനന്ദനം അറിയിച്ചു. എക്സില്‍ മലയാളത്തില്‍ പോസ്റ്റിട്ടാണ് അമിത് ഷായുടെ പ്രതികരണം.
◾ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കാന്‍ പോകുമെന്ന സൂചനയാണിത് എന്നും പറഞ്ഞു.
◾ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പത്താം ക്ലാസുകാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ ഒന്നരലക്ഷം രൂപ വരുന്ന സ്വര്‍ണ്ണമാണ് പത്താം ക്ലാസുകാരന്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത്. ഒരു വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
◾ ജെന്‍-സി പ്രതിഷേധത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട നേപ്പാളില്‍ വന്‍ ശക്തിപ്രകടനം നടത്തി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍. തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്തുള്ള ഭക്തപൂരില്‍ നടന്ന റാലിയില്‍ 70,000 പേര്‍ പങ്കെടുത്തതായി പോലീസ് വ്യക്തമാക്കി. അധികാരം നഷ്ടപ്പെട്ട ശേഷം പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം തെരുവിലിറങ്ങിയ ആദ്യത്തെ റാലിയാണിത്. ജെന്‍-സി വിരുദ്ധരല്ല തങ്ങളെന്നും പുറത്താക്കപ്പെട്ട ശേഷവും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വീകാര്യത വെളിവാക്കുന്നതാണ് റാലിയിലെ ജനപങ്കാളിത്തമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശങ്കര്‍ പൊഖ്രെല്‍ പറഞ്ഞു.
◾ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ 2017 ല്‍ പുറത്താക്കിയതിന് ഉത്തരവാദി കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ട മുന്‍ ഐഎസ്ഐ മേധാവി ഫായിസ് ഹമീദാണെന്ന് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഫായിസ് ഹമീദിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ഉടന്‍ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
◾ സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊലപ്പെട്ടു. യുഎസിനും സിറിയയ്ക്കും എതിരായി നടന്നത് 'ഐഎസ്ഐഎസ് ആക്രമണമാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
◾ സ്ത്രീത്വത്തെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌ക്. ഒരു ഗര്‍ഭപാത്രമുണ്ടെങ്കില്‍, അത് ഒരു സ്ത്രീയാണെന്നും അല്ലെങ്കില്‍ സ്ത്രീയല്ലെന്നുമാണ് മസ്‌ക് എക്‌സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മകളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് മസ്‌കിന്റെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
◾ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം വേദി പങ്കിട്ട് രാഹുല്‍ ഗാന്ധി. ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയപ്പോഴാണ് മെസ്സിയുമായി രാഹുല്‍ വേദി പങ്കിട്ടത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും രാഹുല്‍ ഗാന്ധി തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.
◾ ലയണല്‍ മെസ്സിയുടെ 'ഗോട്ട് ടൂര്‍ ഇന്ത്യ' മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്തയിലെ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
◾ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ഹിമാചല്‍ പ്രദേശില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക വിജയം നേടിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ വിജയം ദക്ഷിണാഫ്രിക്കക്ക് ഒപ്പമായിരുന്നു. വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുക.
◾ വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുന്നതിനിടയിലും ചൈനയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളിലേക്ക് യു.എസ് പൗരന്മാരുടെ നിക്ഷേപം ഒഴുകുന്നതായി റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരുടെ താല്‍പര്യം ഉയര്‍ന്നതോടെ ചൈനയുടെ എ.ഐ കമ്പനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു. ചൈനയിലെ ടെക് കമ്പനികളില്‍ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും കോടിക്കണക്കിന് ഡോളറാണ് ലഭിക്കുന്നത്. ചൈനയിലെ വെഞ്ച്വര്‍ കാപിറ്റല്‍ കമ്പനികള്‍ വഴിയാണ് എ.ഐ ഓഹരികളിലേക്ക് യു.എസ് നിക്ഷേപം വരുന്നത്. മാത്രമല്ല, വര്‍ഷങ്ങളോളം ചൈനയില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് മാറിനിന്ന യു.എസ് സര്‍വകലാശാല എന്‍ഡോവ്മെന്റുകളും കോടിക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി മൂലധനം ചൈനയിലേക്ക് ഒഴുകുന്നത് തടയാന്‍ യു.എസ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം നടത്തുന്നതിനിടെയാണ് പുതിയ ട്രെന്‍ഡ്.
◾ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ 'അഖണ്ഡ 2: താണ്ഡവം' തിയറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോളതലത്തില്‍ ആദ്യ ദിനം ചിത്രം 59.5 കോടി രൂപ തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ നിര്‍മാതാക്കളാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രം ഒരു റെക്കോര്‍ഡ് ബ്രേക്കര്‍ ആയി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുമാര്‍ പറയുന്നത്. ഡിസംബര്‍ 12 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ 100 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 120 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ദിനം 22 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസിനെപ്പറ്റിയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്റര്‍ റണ്ണിന് ശേഷം ചിത്രം അടുത്ത മാസം ഒടിടിയിലെത്തുമെന്നാണ് വിവരം. ബാലയ്യയ്ക്ക് പുറമേ സംയുക്ത മേനോന്‍, ആദി പിന്നിസെട്ടി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.
◾ കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി വെബ് സീരിസുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 'അണലി' എന്നു പേരിട്ടിരിക്കുന്ന വെബ് സീരിസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ടീസര്‍ പുറത്തുവന്നിട്ടുണ്ട്. ജോളി ജോസഫ് ആയി നടി ലിയോണ ലിഷോയ് അഭിനയിക്കുന്നു. ലിയോണയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രം കൂടിയാകും ഇത്. നിഖില വിമലും മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. പാലായിലും പരിസരങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. നേരത്തെ 'കറി ആന്‍ഡ് സയനൈഡ്' എന്ന പേരില്‍ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും 'കൂടത്തായി' എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു. മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് അണലിയുടെ രചന നിരവഹിച്ചിരിക്കുന്നത്. 'ആന്‍മരിയ കലിപ്പിലാണ്', 'അലമാര' തുടങ്ങിയ മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും 'ജനമൈത്രി' എന്ന സിനിമയുടെ സംവിധായകനുമാണ് ജോണ്‍.
◾ മികച്ച വില്‍പ്പനയുടെ നിറവില്‍ ഏഥര്‍ റിസ്ത, 2025 മെയ് മാസത്തില്‍ വില്‍പ്പന ഒരു ലക്ഷം യൂണിറ്റ് കടന്ന് ആറു മാസത്തിനുള്ളില്‍, ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2024 ഏപ്രിലില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഈ ഇലക്ട്രിക് സ്‌കൂട്ടര്‍, വിപണിയില്‍ എത്തിയതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ഇവി വില്‍പ്പനയുടെ 70 ശതമാനത്തിലധികവും ഇതില്‍ നിന്നാണ് എന്നതും ശ്രദ്ധേയമാണ്. ഏഥര്‍ റിസ്ത എസ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്, കൂടാതെ 2.7 കിലോവാട്ട്, 2.9 കിലോവാട്ട്, 3.7 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളും ഇതിലുണ്ട്. രണ്ട് വേരിയന്റുകളും 4.3 കിലോവാട്ട് പീക്ക് പവര്‍ ഔട്ട്പുട്ടും 22 എന്‍എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇരു വേരിയന്റുകളുടെയും പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാണ്, 4.7 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇവിയ്ക്കു കഴിയും. സ്‌കൂട്ടറിന്റെ എക്സ്-ഷോറൂം വില നിലവില്‍ 1.05 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.
◾ ഭൂമിയിലെ ഏറ്റവും വലിയ പ്രദര്‍ശനം എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കന്‍ സര്‍ക്കസ് കമ്പനിയിലെ ജീവനക്കാരുടെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കാനെത്തിയ ഒരു മലയാളി വനിതയുടെ ജീവിതം. ക്ലാസ്മുറിയും താമസവും സഞ്ചരിക്കുന്ന തീവണ്ടിയില്‍. പരിമിതമായ ജീവിതസൗകര്യങ്ങള്‍. 'തലതെറിച്ച' വിദ്യാര്‍ഥികള്‍. പല രാജ്യങ്ങളില്‍നിന്നുള്ള ഈ കുട്ടികള്‍ക്കായി സിലബസ് നിര്‍മിച്ച് അവരെ മിടുമിടുക്കരാക്കുന്ന ജാലവിദ്യയിലൂടെ അത്ഭുതം സൃഷ്ടിക്കുന്നു ഈ ടീച്ചര്‍. 'പിന്‍കോഡ് ഇല്ലാത്ത നഗരം'. മന്ന. മനോരമ ബുക്സ്. വില 351 രൂപ.
◾ ദിവസവും ഒരു 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോ?ഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 30 മിനിറ്റോ അല്ലെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റോ നടക്കുന്നതും സൈക്ലിങ് പോലുള്ള മിതമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത ഏകദേശം 30-50 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും രക്തക്കുഴലുന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത് രക്തസമ്മദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ശരീരം വീക്കം കുറയ്ക്കുന്നതിലൂടെ പക്ഷാഘാത സാധ്യതയും കുറയ്ക്കും. കൃത്യമായ വ്യായാമം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ, ടൈപ്പ് 2 പ്രമേഹസാധ്യതയും കുറയ്ക്കുന്നു. വ്യായാമം ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിര്‍ത്താനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. സ്ഥിരമായ വ്യായാമം മാനസികനില മെച്ചപ്പെടുത്താനും സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും. കൂടാതെ, ഉറക്കം മെച്ചപ്പെടാനും മസ്തിഷ്‌കാരോഗ്യം വര്‍ധിക്കുന്നതിനും ഈ ശീലം നല്ലതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇത് വിഷാദത്തിന്റെ അപകടസാധ്യത കുറയ്ക്കും. പതിവായി വ്യായാമം ചെയ്യുന്നത് വന്‍കുടല്‍ കാന്‍സര്‍, ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്തനാര്‍ബുദം പോലുള്ള ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യായാമം വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രതിരോധ സംവിധാനം മെച്ചപ്പെടുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും ഇവയെല്ലാം കാന്‍സര്‍ അപകടസാധ്യതയെ ബാധിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ വ്യായാമം മാത്രം ചെയ്തിട്ടു കാര്യമില്ല. വ്യായാമത്തിന് പുറമെ സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുക എന്നിവയും പ്രധാനമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
യു എസ് സൈന്യത്തില്‍ പാരാട്രൂപ്പറായിരുന്നു ആര്‍തര്‍ ബൂര്‍മന്‍. സൈനികവിമാനത്തില്‍ നിന്ന് പോരാട്ടമേഖലകളിലേക്ക് പറന്നിറങ്ങി ശത്രുവിനെ നേരിടുന്ന ജോലിയാണ് പാരാട്രൂപ്പറുടേത്. വിമാനത്തില്‍ നിന്നുചാടുമ്പോള്‍ പുറത്ത് വലിയൊരു ഭാരമുണ്ടാകും. യുദ്ധാനുബന്ധസാമഗ്രികള്‍ നിറച്ച ബാഗ്. മാത്രമല്ല, പറന്നിറങ്ങുന്നത് ഏറ്റമുട്ടല്‍നടക്കുന്നിടത്തേക്കാകും എന്നതുകൊണ്ട് കയ്യില്‍ വെടിയുതിര്‍ക്കാന്‍ സജ്ജമായ തോക്കും ഉണ്ടാകും. വലിയ ഭാരം വഹിച്ചുളള ഈ ചാട്ടം പാരട്രൂപ്പര്‍ക്ക് പലപ്പോഴും അപകടം വരുത്തിവെക്കാറുണ്ട്. 1990-91 ലെ ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത ബൂര്‍മന് ഗുരുതരമായി പരിക്കേറ്റു. സേനയില്‍ തുടരാനാവില്ലെന്ന് കണ്ട് ഭിന്നശേഷിക്കാരെ പഠിപ്പിക്കുന്ന ജോലിയാണ് അദ്ദേഹം പിന്നീട് ഏറ്റെടുത്തത്. ആരോഗ്യം പിന്നെയും മോശമായി. അദ്ദേഹത്തിന്റെ തൂക്കം 135 കിലോയായി! സ്ഥിരമായി വീല്‍ചെയറിലായി. വസ്ത്രം ധരിക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണ്ടിവന്നു. യോഗ പഠിച്ചാലോ എന്ന് ആലോചിച്ചെങ്കിലും അത് നടപ്പുളള കാര്യമല്ലെന്ന് ഗുരുക്കന്മാര്‍ വിധിയെഴുതി. അങ്ങനെയിരിക്കെയാണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച ഗുസ്തിക്കാരന്‍ ഡയമണ്ട് ഡാലസ് പേജ് അപകടങ്ങളില്‍ പെട്ടവരെ യോഗപഠിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം രൂപപ്പെടുത്തിയതായി ബൂര്‍മന്‍ അറിഞ്ഞത്. അതിന്റെ സിഡി വാങ്ങി അതുപ്രകാരം ചെറിയരീതിയില്‍ പരിശീലനം ആരംഭിച്ചു. കസേരയില്‍ ഇരുന്നുളള പരിശീലനമായിരുന്നു ആദ്യം. ക്രമേണ തകരാറിലായ കാല്‍മുട്ടും നടുവും ബലപ്പെട്ടു. ആരുടേയും സഹായിമില്ലാതെ എഴുന്നേറ്റു നില്‍ക്കാമെന്ന സ്ഥിതിയായി. പിന്നെ രണ്ടു വടിയുടെ സഹായത്തോടെ നടക്കാന്‍ തുടങ്ങി. പിന്നെ വടി ഒന്നായി. ഒടുവില്‍ അദ്ദേഹത്തിന് തനിയെ നടക്കാമെന്നായി. അദ്ദേഹം തന്റെ നടപ്പു തുടര്‍ന്നു. പിന്നീട് ഓട്ടപരിശീലകനായി മാറി. ഭിന്നശേഷിക്കാര്‍ക്കായുളള ഒരു സ്‌കൂളിന്റെ വൈസ്പ്രിന്‍സിപ്പലായി അദ്ദേഹം,. ജീവിതം ഇടക്കിടെ നമുക്ക് ചില പരീക്ഷണങ്ങള്‍ തരും. തോല്‍ക്കാന്‍ മനസ്സില്ല എന്ന് പറയുന്നവര്‍ മുന്നേറും.. തന്റെ ലക്ഷ്യങ്ങളിലേക്കെത്തും - ശുഭദിനം.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ