കേരളപ്പിറവി ദിനത്തിൽ ചരിത്രനേട്ടം: അതിദാരിദ്ര്യമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം; പ്രഖ്യാപനം ഇന്ന്


കേരളപ്പിറവി ദിനത്തിൽ രാജ്യം ശ്രദ്ധിക്കുന്ന ചരിത്രനേട്ടവുമായി കേരളം. രാജ്യത്ത് അതിദാരിദ്ര്യം പൂർണമായി ഇല്ലാതാക്കിയ ആദ്യ സംസ്ഥാനമെന്ന പ്രഖ്യാപനം ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.

ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കും. ചലച്ചിത്രതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഔദ്യോഗിക പ്രഖ്യാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിന് മുന്നോടിയായി കലാപരിപാടികളും അരങ്ങേറും.

രാജ്യത്ത് ദാരിദ്ര്യനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2021-ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 0.7 ശതമാനം പേർ മാത്രമാണ് അതിദരിദ്രരായി ഉണ്ടായിരുന്നത്. ഈ വിഭാഗത്തെക്കൂടി മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്.

 2021-ൽ അധികാരമേറ്റ എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ ശക്തമായ അടിത്തറയും എല്ലാ സർക്കാർ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനവുമാണ് ഈ ചരിത്രനേട്ടത്തിന് പിന്നിൽ.