ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റജുല (35) നാണ് മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ചാണ് ഭര്‍ത്താവിന്റെ പീഡനം.
ഭര്‍ത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്കി. ഉസ്താദ് നിര്‍ദ്ദേശിച്ച ആഭിചാരക്രിയയ്ക്ക് കൂട്ടു നില്‍ക്കാത്തതാണ് കാരണമെന്ന് കുടുംബം ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കുള്ള റജുല ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഭാര്യയുടെ ശരീരത്തില്‍ സാത്താന്റെ ശല്യം ഉണ്ടെന്ന് പറഞ്ഞ് നാളുകളായി റജിലയെ സജീര്‍ അക്രമിക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് മന്ത്രവാദി ജപിച്ച് നല്കിയ ചരടുകള്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. മുടിയഴിച്ചിട്ട് മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്താന്‍ റജിലയെ നിര്‍ബന്ധിച്ചു. വഴങ്ങാതിരുന്നതോടെ അടുക്കളയില്‍ തിളച്ച് കിടന്ന മീന്‍ കറി റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ ആശുപത്രിയിലും എത്തിച്ചു. റജില ചികിത്സയില്‍ തുടരുകയാണ്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ സജീറിനായി അന്വേഷണം തുടരുകയാണ്. ആഭിചാരക്രിയ നടത്താന്‍ സജീറിനെ പ്രേരിപ്പിച്ച മന്ത്രവാദിയെ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ