പാലിയേക്കര ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും.
കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ അവസാനത്തിൽ കോടതി ടോൾ പിരിവ് വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. വിഷയം കുറേക്കൂടി ഗൗരവമായി കാണണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് നിർദേശിച്ചു.
ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ 65 കിലോമീറ്റർ ദൂരത്തിൽ അഞ്ച് കിലോമീറ്റർ മാത്രമാണ് ഗതാഗതപ്രശ്‌നവും പണികഴിയാത്ത സാഹചര്യവുമുള്ളതെന്നും എൻഎച്ച്എഐ കോടതിയിൽ വാദിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ