തിരുവനന്തപുരം: ഇരട്ട ന്യൂനമർദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തില്‍ സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടില്‍ ജലനിരപ്പ് വർധിച്ചതിനെത്തുടർന്ന് ഷട്ടറുകള്‍ ഉയർത്തിയ നിലയില്‍ തന്നെയാണ്.
തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദം വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അറബിക്കടലില്‍ ഉയർന്ന ലെവലില്‍ കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂന മർദ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി വരും മണിക്കൂറുകളില്‍ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറില്‍ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യത.
അറബിക്കടല്‍ ന്യൂനമർദത്തില്‍ നിന്നും കേരള തീരത്തിനു സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിലൂടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 20 മുതല്‍ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 22, 23, 24 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🟧ഓറഞ്ച് അലേർട്ട്
22/10/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
23/10/2025: കോഴിക്കോട്, വയനാട്
24/10/2025: കണ്ണൂർ, കാസർകോട്
🟨യെല്ലോ അലർട്ട്
21/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
22/10/2025: തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
23/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർകോട്
24/10/2025: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുതന്നെ
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഇന്നലെ രാവിലെ ആറിന് 138.90 അടിയെത്തി. തലേദിവസം ജലനിരപ്പ് 139.35 അടിയായിരുന്നു. 0.45 അടിയാണ് കുറഞ്ഞത്. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടില്‍ 119.60 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻ വർഷത്തേക്കാള്‍ 19.30 അടി വെള്ളം അധികമുണ്ട്.
ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡില്‍ 8641 ഘനയടി വീതം വെള്ളം തുറന്നുവിട്ടു. മുല്ലപ്പെരിയാറില്‍നിന്നുള്ള ജലം എത്താൻ തുടങ്ങിയതോടെ ഇടുക്കിയില്‍ ഒരടിയുടെ വർധനവാണ് രേഖപ്പെടുത്തിയത്. നിലവിലെ ജലനിരപ്പ് 2384.06 അടിയിലെത്തി. ഇത് ശേഷിയുടെ 78.34 ശതമാനമാണ്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന 71 അടി സംഭരണശേഷിയുള്ള തേനി ജില്ലയിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് തിങ്കള്‍ രാവിലെ ആറിന് 68.57 അടിയിലേക്ക് ഉയർന്നു. തലേദിവസം ഇത് 67.09 അടിയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ