തെരഞ്ഞെടുപ്പ് പ്രഖ്യാപനം; യുവാക്കള്‍ക്ക് ഇനി പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ്; ആര്‍ക്കൊക്കെ സഹായം ലഭിക്കും?


തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ വൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ അറിയിച്ചു.

ഒരുലക്ഷത്തില്‍ താഴെ വരുമാനമുള്ള സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്കാണ് പെൻഷൻ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

വിദ്യാർഥികള്‍ക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്ബത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതല്‍ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കും. കണക്‌ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ 5 ലക്ഷം യുവതീ യുവാക്കള്‍ ഗുണഭോക്താക്കള്‍ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.

സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്ബത്തികസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ജനക്ഷേമ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയത്.

ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച്‌ 2000 രൂപയാക്കി വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷേമ പെൻഷൻ തുക 1600ല്‍ നിന്നാണ് 2000 രൂപയാക്കിയാണ് സർക്കാർ വർധിപ്പിച്ചത്. ഇതിനായി 13,000 കോടി നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുടുംബശ്രീ എഡിഎസുകള്‍ക്കുള്ള പ്രവർത്തന ഗ്രാൻഡ്

കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകള്‍ക്ക് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി) പ്രവർത്തന ഗ്രാൻഡ് ആയി പ്രതിമാസം 1,000 രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.

നവ കേരള സദസ് സംസ്ഥാനത്താകെ വിവിധ വിഭാഗം ജനങ്ങളുമായി നടത്തിയ സംവാദപരിപാടികള്‍, അതിൻറെ ഭാഗമായിയുള്ള ചർച്ചകള്‍ തുടങ്ങിയ പ്രക്രിയയിലൂടെയാണ് ഈ തീരുമാനങ്ങളിലേക്ക് എത്തിയത്. പുതിയ പദ്ധതികള്‍ക്ക് പുറമേ നിലവിലെ ആനുകൂല്യങ്ങളും പദ്ധതികളും പരിഷ്കരിക്കുന്നതും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്തി പറഞ്ഞു.