ഡിസംബര്‍ 1 മുതല്‍ ശമ്പളം കൂട്ടും, 2000 രൂപ പെന്‍ഷന്‍ നവംബര്‍ 27 മുതല്‍; ധനവകുപ്പ് നേരിട്ട് വിതരണം ചെയ്യും.


തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പെന്‍ഷനും ശമ്ബള വര്‍ധനവും അടക്കമുള്ളവ നല്‍കാന്‍ ധനവകുപ്പ് ഒരുക്കം തുടങ്ങി.

ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ ഇവയെല്ലാം വിതരണം ചെയ്യാനാണ് ധന വകുപ്പ് ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും മറ്റ് വകുപ്പുകളെ ഏല്‍പ്പിക്കാതെ ധനവകുപ്പ് വഴി തന്നെ നല്‍കാനാണ് ആലോചന നടക്കുന്നത്.

സ്ത്രീകള്‍ക്കുള്ള പെന്‍ഷനും യുവജനങ്ങള്‍ക്കുള്ള കണക്‌ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പും ഡിസംബര്‍ ഒന്ന് മുതല്‍ തന്നെ നല്‍കാനാണ് ശ്രമം. സ്ത്രീകള്‍ക്കുള്ള പെന്‍ഷനും കണക്‌ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പിനും പൊതുവായ മാനദണ്ഡങ്ങള്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമമായിട്ടില്ല. ഇത് വിതരണം ചെയ്യുന്ന രീതി, സംവിധാനം എന്നിവയെ കുറിച്ചെല്ലാം തീരുമാനിക്കേണ്ടതുണ്ട്.

ഇതിനെല്ലാം ചട്ടക്കൂട് തയ്യാറാക്കി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ശ്രമം. ക്ഷേമപെന്‍ഷന്‍ 1600 ല്‍ നിന്ന് 2000 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ നവംബര്‍ 27 മുതല്‍ വിതരണം ചെയ്യാനാണ് തീരുമാനം. പഴയ പെന്‍ഷന്‍ തുക പ്രകാരമുള്ള (1600) ഒരു മാസത്തെ കുടിശ്ശിക ഇനിയും നല്‍കാനുണ്ട്. അതും ഈ സാമ്ബത്തിക വര്‍ഷം തന്നെ നല്‍കാനാണ് ധന വകുപ്പിന്റെ നീക്കം.