തദ്ദേശ വോട്ടർ പട്ടികയിൽ ഇന്ന് മുതൽ പേര് ചേർക്കാം.


തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ തിങ്കളാഴ്‌ച മുതൽ പേര്‌ ചേർക്കാം.

കരട്‌ പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും.

2-ന്‌ പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതിൽ 2,83,12,458 വോട്ടർമാർ ഉണ്ടാകും. പ്രവാസി വോട്ടർ പട്ടികയിൽ 2087 പേരുമുണ്ട്‌.

പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in ഔദ്യോഗിക വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ഒക്ടോബർ 14 വരെ പേര് ചേര്‍ക്കാം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്‌ പൂര്‍ത്തിയായവര്‍ക്കാണ്‌ അവസരം.

വിവരങ്ങൾ തിരുത്താനും വാർഡ്‌ മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ സമർപ്പിക്കണം.

ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. അന്തിമ പട്ടിക ഒക്ടോബർ 25-ന് പ്രസിദ്ധീകരിക്കും.