ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ആകാശ കാഴ്ചകളിൽ ഒന്നായ ബ്ലഡ് മൂൺ സെപ്റ്റംബർ 7, 8 തീയതികളിൽ ആകാശത്ത് ദൃശ്യമാകും. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സംഭവിക്കുന്ന ഈ പൂർണ്ണ ചന്ദ്രഗ്രഹണം ഒരു അപൂർവ പ്രതിഭാസമാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ, ചന്ദ്രന് ചുവപ്പ് കലർന്ന ഓറഞ്ച് നിറം കൈവരിക്കുന്നു ഇതാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. സെപ്റ്റംബർ 7 ഞായറാഴ്ച രാത്രിയിലും സെപ്റ്റംബർ 8 തിങ്കളാഴ്ച പുലർച്ചെയുമായിരിക്കും പൂർണ്ണ ചന്ദ്രഗ്രഹണം അഥവാ രക്തചന്ദ്രഗ്രഹണം ദൃശ്യമാകുക.
ഈ ആകർഷകമായ ചുവപ്പ് നിറത്തിന് കാരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിലെ നീല രശ്മികൾ ചിതറിപ്പോകുകയും അതേസമയം തരംഗദൈർഘ്യം കൂടിയ ചുവപ്പ് രശ്മികൾ വളഞ്ഞ് ചന്ദ്രനിലേക്ക് എത്തുകയും ചെയ്യുന്നതാണ്.
ഈ ഗ്രഹണത്തിന്റെ പൂർണ്ണ ദശ 82 മിനിറ്റ് നീണ്ടുനിൽക്കും. സമീപ വർഷങ്ങളിൽ സംഭവിച്ച ഗ്രഹണങ്ങളിൽ വെച്ച് ഏറ്റവും മനോഹരവും വിശാലമായി കാണാൻ കഴിയുന്നതുമായ ഒന്നായിരിക്കും ഇത്. ലോകജനസംഖ്യയുടെ 85% പേർക്കും ഈ കാഴ്ചയുടെ ഒരു ഭാഗം കാണാൻ കഴിയും.
ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും മിക്ക രാജ്യങ്ങളിലും ഈ ഗ്രഹണം പൂർണ്ണമായി ദൃശ്യമാകും. യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കാഴ്ച ലഭ്യമാകും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് കാണാൻ സാധിക്കില്ല.
തെളിഞ്ഞ ആകാശമുണ്ടെങ്കിൽ എവിടെ നിന്നും ഈ അദ്‌ഭുത കാഴ്ച ആസ്വദിക്കാം.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ