2025 ഓഗസ്റ്റ് 13 ബുധൻ
1200 കർക്കിടകം 28 ഉത്രട്ടാതി
1447 സ്വഫർ 18
◾ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. നാളെ രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 7 വരെ പ്രതിഷേധ റാലികളും സംഘടിപ്പിക്കും. 'വോട്ട് കള്ളന് സിംഹാസനം വിട്ടുപോകുക' എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി യോഗത്തില്‍ തീരുമാനമായി.
◾ വോട്ടര്‍ പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണയുമായി കേരളത്തിലെ എഴുത്തുകാര്‍. രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവന എഴുത്തുകാര്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നെന്നും. രാഹുല്‍ ഗാന്ധിയെ ഉപാധികളില്ലാതെ പിന്തുണക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.
◾ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. മാര്‍ച്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരിലൊരാള്‍ എംപിയുടെ ക്യാമ്പ് ഓഫീസിലേക്കുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചു. കരി ഓയില്‍ ഒഴിച്ചശേഷം ബോര്‍ഡില്‍ ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.
◾ തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെ തൃശ്ശൂരില്‍ സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ പ്രകടനം. സിപിഎം ഓഫീസിന് മുന്നിലേക്ക് പന്തം കൊളുത്തി പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയായി. ഇരു കൂട്ടരും കല്ലും കട്ടയും വലിച്ചെറിഞ്ഞു. ബിജെപി പ്രവര്‍ത്തകന്റെ തല പൊട്ടി.
◾ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. രാവിലെ ഒന്‍പതരയോടെ വന്ദേഭാരത് ട്രെയിനില്‍ എത്തുന്ന സുരേഷ്ഗോപിക്ക് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബിജെപി സ്വീകരണം നല്‍കും. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് സിപിഎം ആക്രമിച്ചതില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
◾ ഗവര്‍ണറുടെ വിഭജന ഭീതി ദിനാചരണ സര്‍ക്കുലര്‍ കേരളത്തില്‍ നടപ്പാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളത്തിന്റെ മതേതര സമൂഹത്തിലേക്ക് വിഭജന രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കരുതെന്നും വിഡി സതീശന് പറഞ്ഞു.
◾ വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം. പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്ന് കേരള സര്‍വകലാശാല സര്‍ക്കുലര്‍ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് കോളേജ് വികസന സമിതി ഡയറക്ടര്‍ കോളേജുകള്‍ക്ക് അയക്കുകയും ചെയ്തു.
◾ തെരഞ്ഞെടുപ്പ് കാലത്ത് പള്ളികള്‍ കയറിയിറങ്ങിയവര്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. ഇതെല്ലാം ക്രൈസ്തവ സമൂഹം കാണുന്നുണ്ടെന്നും ക്രൈസ്തവര്‍ അക്രമിക്കപ്പെടുമ്പോഴുള്ള സുരേഷ് ഗോപിയുടെ മൗനം സഭാ അധ്യക്ഷന്മാര് ശ്രദ്ധിക്കുന്നുണ്ടാവുമെന്നും വളരെ പ്രാധാന്യമുള്ള സമയത്തെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകണം എന്നും മന്ത്രി പറഞ്ഞു. ചരിത്രത്തിലില്ലാത്ത വിധത്തില്‍ സ്വാതന്ത്ര്യ ദിനം വിഭജന ഭീതി ദിനമായി ആചരിപ്പിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല എന്നും മന്ത്രി പ്രതികരിച്ചു.
◾ ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെ.എസ്.എഫ്. ഇ. ആദ്യമായാണ് രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനവും ആഘോഷപരിപാടികളുടെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എഫ്.ഇ ഹാര്‍മണി ചിട്ടി ഇടപാടുകാര്‍ക്ക് ഓണം സമ്യദ്ധി ഗിഫ്റ്റ് കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വ്വഹിക്കും. കെ.എസ്.എഫ്.ഇ ബ്രാന്‍ഡ് അംബാസഡര്‍ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയാകും.
◾ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി. പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികള്‍ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
◾ സ്കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
◾ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളെ സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ അത്തരം ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും ഇത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
◾ യുവമോര്‍ച്ച ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യ വിമര്‍ശനവും പരിഹാസവും നടത്തിയ മൂന്ന് ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിന്‍കുമാര്‍, പെരുങ്കടവിള പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്.എസ്. ശ്രീരാഗ്,വിഷ്ണു കൈപ്പള്ളി. എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ബിജെപിയെ ബിസിനസ് ജനത പാര്‍ട്ടിയാക്കിയെന്നും സ്ഥാനം കിട്ടാതായപ്പോള്‍ രാജിവച്ച രാജീവ് ചന്ദ്രശേഖറിന്റെ സംഘടനാസ്നേഹം എല്ലാവര്ക്കും അറിയാമെന്നും ഒബിസി മോര്‍ച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിന്‍കുമാര്‍ പരിഹസിച്ചിരുന്നു.
◾ ആരോഗ്യ മന്ത്രിയും മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സനും തമ്മില്‍ വേദിയില്‍ തര്‍ക്കം. മഞ്ചേരി ജനറല്‍ ആശുപത്രിയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ രൂക്ഷമായ വാക്ക്പോര് നടന്നത്. 2016 ല്‍ തന്നെ മഞ്ചേരി ജനറല്‍ ആശുപത്രി നഗരസഭയ്ക്ക് കൈമാറിയതിന് ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പും മന്ത്രി ഉയര്‍ത്തി കാണിച്ചു.
◾ ഡെപ്യൂട്ടി മേയര്‍ ആദ്യം ഉദ്ഘാടനം ചെയ്ത തൃശ്ശൂര്‍ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകര്‍ത്തു. വാഹനം ഇടിച്ചാണ് തകര്‍ത്തത്. ശേഷം ഫലകം അതേ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഡെപ്യൂട്ടി മേയര്‍ ആദ്യം ഉദ്ഘാടനം നിര്‍വഹിച്ച തൃശ്ശൂര്‍ അരിസ്റ്റോ റോഡ് മന്ത്രി ആര് ബിന്ദു ഇന്നലെ വീണ്ടും ഉദ്ഘാടനം ചെയ്തു.
◾ മായം കലര്‍ന്നതായി സംശയമുള്ളതും തെറ്റായ വിവരങ്ങള്‍ നല്കി വില്‍ക്കുന്നതുമായ വെളിച്ചെണ്ണയും ബ്ലെന്‍ഡഡ് ഭക്ഷ്യഎണ്ണയും ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് പ്രവര്‍ത്തിക്കുന്ന ഹരിഗീതം കോകോനട്ട് ഓയില്‍ എന്ന സ്ഥാപനത്തില്‍ നിന്നും 6500 ലിറ്റര്‍ എണ്ണയാണ് പിടിച്ചെടുത്തത്.ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എണ്ണ എത്തിച്ചത്. കുപ്പികളിലാക്കി ചില്ലറ വില്‍പ്പനയ്ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചപ്പോഴാണ് പിടികൂടിയത്.
◾ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കോടഞ്ചേരി സ്വദേശി അമലിനാണ് (16) പരിക്കേറ്റത്.കൈകൊണ്ട് ആംഗ്യ കാണിച്ചതിനാണ് മര്‍ദനം എന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
◾ റെയില്‍വേ ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറാഞ്ചേരി പെട്രോള്‍ പമ്പിന് പിന്‍വശത്ത് റെയില്‍വേ ട്രാക്കിലാണ് റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ പട്ടാമ്പി സ്വദേശി അരുണിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ട്രെയിന്‍ തട്ടിയതാകാം എന്നാണ് നിഗമനം.
◾ സമ്മേളനത്തിനു മുമ്പ് വിഭാഗീയതയില്‍ കുടുങ്ങി പത്തനംതിട്ട സിപിഐ ജില്ലാ നേതൃത്വം. ജില്ലാ സമ്മേളനത്തിന് മുമ്പുള്ള ബാനര്‍ ജാഥ റദ്ദാക്കിയിരിക്കുകയാണ്. പാര്‍ട്ടി ജില്ലാ സമ്മേളന നഗരിയിലേക്കുള്ള ബാനര്‍ ജാഥയാണ് റദ്ദാക്കിയത്. വിഭാഗീയ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജാഥ റദ്ദ് ചെയ്യാന്‍ കത്ത് നല്‍കിയത്. ആഗസ്റ്റ് 14ന് ജില്ലാ സമ്മേളനം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ജില്ലയില്‍ നടപടി.
◾ കൊടുവള്ളി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂര്‍ണ്ണമായും വഹിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 36.37 കോടിയുടെ പദ്ധതിയില്‍ നിര്‍മ്മാണത്തിനായി 10.06 കോടി രൂപ സംസ്ഥാന സര്‍ക്കാരും അത്ര തന്നെ തുക റെയില്‍വേയുമാണ് ചെലവഴിച്ചത്. കൊടുവള്ളി മേല്‍പ്പാലത്തിനായി സംസ്ഥാനം ആകെ ചെലവഴിച്ചത് 26.31 കോടി രൂപയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ആത്മഹത്യ ചെയ്തത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നാണ് മാതാവ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു
◾ മുന്‍ എം.എല്‍.എ പി.വി അന്‍വറിനെതിരായ ടെലഫോണ്‍ ചോര്‍ത്തല്‍ കേസ് അന്വേഷിക്കാന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് സര്‍ക്കാര്‍. മലപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും.കോഴിക്കോട് സൈബര്‍ ക്രൈം ഡി.വൈ.എസ്.പി ബാലചന്ദ്രനാണ് അന്വേഷണ ചുമതല. കഴിഞ്ഞ സെപ്തംബര്‍ 1ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.വി അന്‍വര്‍ താന്‍ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
◾ കോട്ടയം യാര്‍ഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. 16 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിന്‍ ഗതാഗതത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി.
◾ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ലോക്സഭയിലും രാജ്യസഭയിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സമര്‍പ്പിച്ചു. കേരളത്തിലെയടക്കം ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പിഎസി അധ്യക്ഷന്‍ കെസി വേണുഗോപാല്‍ എംപി പറഞ്ഞു. പിഎസി പഠനം ഇനിയും തുടരുമെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നതടക്കമുള്ള ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾ കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എം എസ് സി കപ്പല്‍ ഉടമകള്‍ക്ക് തിരിച്ചടി. എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യ ബന്ധന ബോട്ട് ഉടമകള്‍ നല്കിയ നഷ്ടപരിഹാര ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
◾ വൈക്കത്തിനടുത്ത് ചെമ്പില്‍ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറില്‍ നിന്നും പുക വരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുമ്പോഴേക്കും കാറിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണമായും കത്തിയിരുന്നു.
◾ സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം 15-16ന് ശേഷം വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ കാലവര്‍ഷം ഹിമാലയന്‍ മേഖലയില്‍ സജീവമായി തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തിനു മുന്നോടിയയുള്ള ചക്രവാതചുഴി രൂപപ്പെട്ടു. ഇത് ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടി മിന്നലും മഴയും തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
◾ ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ തെരുവുനായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. കോടതിയുടെ ഉത്തരവ് അപ്രായോഗികമാണെന്നും ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും അവര്‍ പറഞ്ഞു. തെരുവുനായകള്‍ മനുഷ്യര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിലും അവയെ ഒറ്റയടിക്ക് നീക്കം ചെയ്യുന്നത് പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇത് നാം പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മനേക ഗാന്ധി മുന്നറിയിപ്പ് നല്കി.
◾ തിരഞ്ഞെടുപ്പ് കമ്മിഷന് ബിഹാറില്‍ നടത്തിവരുന്ന പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കിടയില്‍ മരിച്ചെന്ന് പറഞ്ഞ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ട് വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് പൊതുപ്രവര്ത്തകന് യോഗേന്ദ്ര യാദവ്. അതൊരു അശ്രദ്ധമായ പിഴവായിരിക്കാമെന്നും അത് തിരുത്താവുന്നതാണെന്നും പറഞ്ഞ ജസ്റ്റിസ് ബാഗ്ചി നിങ്ങളുടെ വാദങ്ങള്‍ ഞങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നും പറഞ്ഞു.
◾ ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ നിര്‍ണായക തെളിവായി കണക്കാക്കാനാവില്ലെന്ന വാദം ശരിയെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് ശരിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആധാര്‍ കാര്‍ഡില്‍ പരിശോധന വേണ്ടിവരുമെന്നും വാക്കാല്‍ നിര്‍ദേശിച്ചു. വിവിധ സേവനങ്ങള്‍ക്കുള്ള ആധികാരിക തിരിച്ചറിയല്‍ രേഖയായി ആധാറിനെ പരിഗണിക്കുമ്പോഴും അത് പൗരത്വം നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കാനാകില്ലെന്നും കൃത്യമായ പരിശോധന അതിന് ആവശ്യമാണെന്നും സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു
◾ അംബാനി കുടുംബത്തിന്റെ സമ്പത്ത് അദാനി കുടുംബത്തേക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. അദാനി കുടുംബത്തിന് 28 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നും ഇത് 14.01 ലക്ഷം കോടി രൂപ ആസ്തിയുള്ള അദാനി കുടുംബത്തിന്റേതിനേക്കാള്‍ ഇരട്ടിയിലധികമാണെന്നും റിപ്പോര്‍ട്ടുകള്‍.
◾ കുവൈത്തില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം താമസകാര്യ അന്വേഷണ വിഭാഗം രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും വലിയ സുരക്ഷാ പരിശോധന നടത്തി. നിയമം നടപ്പാക്കുകയും ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.പരിശോധനയില്‍ താമസ നിയമം ലംഘിച്ചവരും പിടികിട്ടാപ്പുള്ളികളുമായ 178 പേരെ അറസ്റ്റ് ചെയ്തു.
◾ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ചൈന ലഘൂകരിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യന്‍ ക്രൂഡോയിലിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും നേരെ വാളോങ്ങി നില്ക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഇരുരാജ്യങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയും ഇന്ത്യയും വീണ്ടും അടുക്കുന്നത്.
◾ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന് അയര്‍ലന്‍ഡിലെ 'ഇന്ത്യാ ഡേ' ആഘോഷങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ആശങ്കളെ തുടര്‍ന്നാണ് ആഘോഷം മാറ്റിയതെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ അറിയിച്ചു. 'ഇന്ത്യ ദിനം ആഘോഷിക്കാന്‍ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് ഞങ്ങള്‍ കരുതുന്നു' എന്നാണ് അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കൗണ്‍സിലിന്റെ ഉപാധ്യക്ഷന്‍ പ്രശാന്ത് ശുക്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
◾ അയര്‍ലന്‍ഡിലെ ഇന്ത്യക്കാര്‍ക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ്. ഇത്തരം ആക്രമണങ്ങള്‍ അതിനീചവും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്രം, നഴ്സിങ്, സംസ്കാരം, വ്യവസായം, സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാര്‍ അയര്‍ലന്‍ഡിന് നല്കിയ അളവറ്റ സംഭാവനകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
◾ ഗാസയിലെ കൊലപാതകങ്ങളില്‍ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും പലസ്തീനികള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും നിശബ്ദതയിലൂടെയും നിഷ്ക്രിയത്വത്തിലൂടെയും ഇത്തരം പ്രവര്‍ത്തനങ്ങളെ സാധൂകരിക്കുന്നത് കുറ്റകൃത്യമാണെന്നും പ്രിയങ്ക ആരോപിച്ചു. അതേസമയം, പ്രിയങ്ക ഗാന്ധിയുടേത് നാണംകെട്ട വഞ്ചനയാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റൂവെന്‍ അസാര് പ്രതികരിച്ചു.
◾ ഗാസയില്‍ പലസ്തീന് കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നതായുള്ള ആശങ്ക വ്യാപകമാവുന്നതിനിടെ മാര്‍പ്പാപ്പയോട് ഗാസ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത പോപ്പ് ഗായിക മഡോണ. ഒരുപാട് വൈകും മുന്‍പ് ഗാസ സന്ദര്‍ശിക്കണം. ഒരു അമ്മയെന്ന നിലയില്‍ ഗാസയിലെ കുട്ടികള്‍ അനുഭവിക്കുന്ന പീഡനം കണ്ടുനില്ക്കാന് കഴിയുന്നില്ല.പട്ടിണി മൂലം പിഞ്ചുമക്കള്‍ മരിക്കുന്ന സാഹചര്യം ഒഴിവാക്കപ്പെടാനുള്ള ശ്രമങ്ങള്‍ മാത്രമാണ് താന്‍ നടത്തുന്നതെന്നും മഡോണ വിശദമാക്കുന്നു.
◾ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക്കിന് ജൂണില്‍ അവസാനിച്ച പാദത്തില്‍ മികച്ച നേട്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 37.5 ശതമാനം വരുമാന വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.08 കോടി രൂപയാണ് വരുമാനം. ലാഭം 1.14 കോടി രൂപ. മാര്‍ച്ചില്‍ അവസാനിച്ച പാദത്തേക്കാള്‍ 73 ശതമാനം വളര്‍ച്ച ഇക്കാലയളവില്‍ കൈവരിക്കാനും സാധിച്ചു. കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തികള്‍ 42.96 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 59.91 ശതമാനം കൂടുതലാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 25 പൈസ നിരക്കില്‍ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 17.15 കോടി രൂപ വരുമാനവും 5.17 കോടി രൂപ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. ആദ്യ പാദത്തിലെ മികച്ച പ്രകടനം ഓഹരിവിലയിലും ജെ.എം.ജെ ഫിന്‍ടെക്കിന് കരുത്തായി.
◾ ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന പരം സുന്ദരിയുടെ ട്രെയ്ലര് പുറത്ത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മഡോക്ക് ഫിലിംസാണ്. പരം സുന്ദരി റൊമാന്റിക് കോമഡിയായിരിക്കുമെന്ന ഉറപ്പു നല്‍കുന്നതാണ് ട്രെയ്ലര്. ആക്ഷനും റൊമാന്സും കോമഡിയുമെല്ലാം നിറഞ്ഞ, ടിപ്പിക്കല്‍ ബോളിവുഡ് ചിത്രമാകുമെന്നാണ് ട്രെയ്ലര് സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത് ചിത്രത്തില്‍. ജാന്‍വി അവതരിപ്പിക്കുന്ന നായിക സുന്ദരി കേരള സ്വദേശിയാണ്. സിദ്ധാര്‍ത്ഥിന്റെ പരം ഡല്‍ഹിക്കാരനും. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ആര്ഷ് വോറയും ഗ്വാര്‍വ മിശ്രയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സച്ചിന്-ജിഗര്‍ ആണ് സംഗീതം.
◾ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഉര്‍വശിയേയും ജോജുവിനേയും കൂടാതെ വിജയരാഘവന്, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്. പൊന്മാന്, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.
◾ ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന് പുറത്തിറക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മാരുതി സുസുക്കിയുടെ പ്രീമിയം വില്പന ശൃംഖലയായ നെക്സയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗ്രാന്‍ഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. കറുപ്പില്‍ അണിഞ്ഞൊരുങ്ങിയെത്തുന്ന ഈ ഗ്രാന്‍ഡ് വിറ്റാരയെ സ്ട്രോങ് ഹൈബ്രിഡ് ആല്‍ഫ+ വകഭേദത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേഡ് ഗ്രാന്‍ഡ് വിറ്റാരയിലെ ഓള് ബ്ലാക്ക് ഇന്റീരിയര്‍ തന്നെയാണ് ഫാന്റം ബ്ലാക്ക് എഡിഷനിലും തുടരുന്നത്. ഷാംപെയിന് നിറത്തിലുള്ള ലെതര്‍ സീറ്റുകളും വാഹനത്തിലുണ്ടാവും. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം വിത്ത് ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഹില്‍ ഹോള്‍ഡ് കണ്ട്രോള്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, മുന്നറിയിപ്പ് സംവിധാനമുള്ള ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍.
◾ മലയാളികളായ കാര്‍ട്ടൂണിസ്റ്റുകളാണ് ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് വെന്നിക്കൊടി പാറിച്ച പ്രമുഖരില്‍ ഭൂരിപക്ഷവും. മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വലിയ സംഭാവനകള്‍ നല്കിയ കുറേപേര്‍ ഓര്‍മ്മിക്കപ്പെടുകയും കുറേപേര്‍ വിസ്മൃതിയിലാവുകയും ചെയ്യുന്ന ഒരു കാഴ്ച നമുക്ക് മുന്നിലുണ്ട്. ഈ ഒരു യാഥാര്‍ത്ഥ്യം നമ്മള് അംഗീകരിക്കുക തന്നെ വേണം. അത് നീതി നിഷേധമാണ്. ഓര്‍മ്മിക്കപ്പെടേണ്ടവര്‍ വിസ്മൃതിയില്‍ പോകുന്നത് ശരിയല്ല. അതിനാല്‍ എല്ലാവരേയും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നത് വര്‍ത്തമാനകാലത്തെ കാര്‍ട്ടൂണിസ്റ്റുകളുടെ കടമയാണ്. അങ്ങനെ ഉണ്ടായ ചിന്തയുടെ പരിണിതഫലമാണ് ഈ പുസ്തകം. 'കാര്‍ട്ടൂണിസ്റ്റ്'. എന്‍.ബി. സുധീര്‍നാഥ്. ഗ്രീന്‍ ബുക്സ്. വില 289 രൂപ.
◾ പപ്പടം ദിവസവും കഴിച്ചാല്‍ ആരോഗ്യത്തിന് പണികിട്ടാനുള്ള സാധ്യതയും കൂടുതലാണ്. പപ്പടത്തില്‍ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. രണ്ട് പപ്പടം കഴിക്കുമ്പോള്‍ തന്നെ ഒരു ചപ്പാത്തിക്ക് സമമായ കലോറി ശരീരത്തില്‍ എത്തും. ഉഴുന്നാണ് പപ്പടത്തിന്റെ പ്രധാന ചേരുവ. എന്നാല്‍ വ്യവസായ അടിസ്ഥാനത്തില്‍ പപ്പടം ഉണ്ടക്കുമ്പോള്‍ ഉഴുന്നിന് പകരം മൈദ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. ഇത് ദഹന പ്രശ്നങ്ങള്‍ കുടല് സംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. വ്യവസായ അടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പപ്പടങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും സോഡിയം കാര്ബൊണേറ്റ്, സോഡിയം ബൈകാര്‍ബൊണേറ്റ് (പപ്പട കാരം) പോലുള്ള സോഡിയം അധിഷ്ടിത പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്. പപ്പടം ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. കുടലിലെ കാന്‍സറിന് ഉള്‍പ്പെടെ കാരണമായേക്കാവുന്ന രാസവസ്തുവാണ് സോഡിയം ബൈക്കാര്‍ബണേറ്റ്. സോഡിയം കാര്‍ബണേറ്റ് കുടലില്‍ പൊള്ളലിന് കാരണമാകും. അസിഡിറ്റി, അള്‍സര്‍, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്കും ഇത് വഴിവെക്കും. അതിനാല്‍ പപ്പടം പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദ്രോഗത്തിനും കാരണമായേക്കാം. മറ്റൊന്ന് അക്രിലാമൈഡുമായി ബന്ധപ്പെട്ടതാണ്. പപ്പടത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലാണ് ഇത്തരം ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുക്കുകയോ റോസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് അക്രിലാമൈഡ് ഉല്പാദിപ്പിക്കാന് കാരണമാകും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കടകളില്‍ നിന്ന് വാങ്ങുന്ന പല പപ്പടങ്ങളിലും കൃത്രിമ രുചികളും പ്രിസര്‍വേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. കുറഞ്ഞ അളവില്‍ അഡിറ്റീവുകള്‍ ചേര്‍ത്ത് ചെറിയ ബാച്ചുകളായി തയ്യാറാക്കുന്ന കൈകൊണ്ട് നിര്‍മ്മിച്ച പപ്പടങ്ങള്‍ ആരോഗ്യകരമായ ഒരു ബദലാണ്.
*ശുഭദിനം*
*കവിത കണ്ണന്*
ആശ്രമത്തിലേക്കുളള പച്ചക്കറികള്‍ അവിടത്തെ അന്തേവാസികളായ കുട്ടികളാണ് വാങ്ങാറ്. ഒരുദിവസം അടുത്തടുത്ത ആശ്രമത്തിലെ രണ്ടു കുട്ടികള്‍ കണ്ടുമുട്ടി. ആദ്യത്തെ കുട്ടി രണ്ടാമനോട് ചോദിച്ചു: എവിടെ പോകുന്നു? രണ്ടാമന് പറഞ്ഞു: എന്റെ കാലുകള്‍ എന്നെ എവിടേക്ക് കൊണ്ടുപോകുന്നോ അവിടേക്ക്. ഒന്നാമന് ഈ വിവരം തന്റെ ഗുരുവിനോട് പറഞ്ഞു. ഗുരു പറഞ്ഞു നാളെ നീ അവനെ കാണുമ്പോള്‍ ഈ കാലുകള്‍ ഇല്ലെങ്കില്‍ എന്തുചെയ്യും എന്ന് ചോദിക്കണം. രണ്ടാമത്തെ ദിവസം കുട്ടി രണ്ടാമനോട് ചോദ്യം ആവര്‍ത്തിച്ചു. എവിടെ പോകുന്നു? രണ്ടാമന് പറഞ്ഞു: കാറ്റ് എവിടേക്ക് വീശുന്നോ അവിടേക്ക്. ഈ ഉത്തരവും അവന് തന്റെ ഗുരുവിനോട് പറഞ്ഞു. കാറ്റില്ലെങ്കില്‍ എവിടെപോകും എന്ന് ചോദിക്കാന്‍ ഗുരു ആവശ്യപ്പെട്ടു. മൂന്നാമത്തെ ദിവസവും അവര്‍ പരസ്പരം കണ്ടപ്പോള്‍ ഒന്നാമന് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. അവന് പറഞ്ഞു: ഞാന്‍ പച്ചക്കറി വാങ്ങാന്‍ പോവുകയാണ്. ഒന്നാമന് തന്റെ ചോദ്യങ്ങള്‍ ഒന്നുംതന്നെ ചോദിക്കാനുളള അവസരം ഇല്ലാതായി. കാണാതെ പഠിച്ച പാഠങ്ങള്‍ കൊണ്ട് ഇതുവരെ കാണാത്ത ലോകത്തെ അഭിമുഖീകരിക്കാന്‍ നമുക്ക് സാധിക്കില്ല. സിലബസും ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം കൃത്യമാകുന്നത് പഠനമുറികളില്‍ മാത്രമാണ്. അതിനുപുറത്ത് എല്ലാചോദ്യോത്തരവും ഔട്ട് ഓഫി സിലബസ് ആണ്. ആര്‍ക്കും ആരേയും ഒന്നും പഠിപ്പിക്കാനാകില്ല. ഒരാള്‍ നേരിട്ട പരീക്ഷണങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് ഉത്തരം നല്‍കാനാകില്ല. തത്സമയ സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാക്കുക എന്നതാണ് എല്ലാ പഠനങ്ങളുടേയും ലക്ഷ്യം. - ശുഭദിനം.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ