ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ ഉടമ പീഡിപ്പിച്ചതായി പരാതി, കോഴിക്കോട് സ്വദേശി അറസ്റ്റില്‍


ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി.

സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.

പത്ത് ദിവസം മൂന്‍പാണ് വിദ്യാര്‍ഥിനി അഷറഫിന്റെ പി ജിയില്‍ എത്തുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. മുറിയിലെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തന്നോട് സഹകരിച്ചാല്‍ മാത്രമേ ഭക്ഷണവും താമസ സൗകര്യവും നല്‍കു എന്ന് പറഞ്ഞതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പീഡനത്തിന് ശേഷം അര്‍ദ്ധരാത്രി അഷറഫ് പെണ്‍കുട്ടിയെ പി ജിയില്‍ നിന്നും ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. അതിക്രമം ഭയന്ന് സുഹൃത്തിന് താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയച്ച്‌ നല്‍കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും പെണ്‍കുട്ടി പറയുന്നു.

ഒരു മാസത്തിനിടെ രണ്ടാമത്തെ ബലാത്സംഗ പരാതിയാണ് ബെഗളൂരുവിലെ പേയിങ്ഗസ്റ്റ് സംവിധാനവുമായി ബന്ധപ്പെട്ട് ഉയരുന്നത്. 21 കാരിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ രവി തേജ റെഡ്ഡി എന്ന പി ജി ഉടമ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മോഷണക്കുറ്റം ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കും എന്ന് ഭീഷണിപ്പെടുത്തി റെഡ്ഡി ബലാത്സംഗം ചെയ്തുവെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ആരോപണം.