നാളെ ഒരാൾക്കും ഇങ്ങനെയൊരു ദുരന്തമുണ്ടാകരുതെന്ന് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. അപകടം നടന്നയുടൻ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ ഭാര്യയെ ചിലപ്പോൾ ജീവനോടെ കിട്ടുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മകന് എറണാകുളത്ത് ഒരു സ്ഥാപനത്തിൽ അടുത്തിടെ ജോലി കിട്ടി. ആദ്യ ശമ്പളം കിട്ടിയത് ഇന്നലെയായിരുന്നു. അമ്മയെ ഏൽപിക്കാനായിരുന്നു അവൻ്റെ ആഗ്രഹമെന്നും വിശ്രുതൻ പറഞ്ഞു. മന്ത്രിമാർ ആരും ഇതുവരെ വിളിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നാളെ ഒരാൾക്കും ഇങ്ങനെയൊരവസ്ഥ വരരുത്. എല്ലാവരും കൂടി ഇതിനൊരു പരിഹാരമുണ്ടാക്കിത്തരണം. എന്റെ ഭാര്യയായിരുന്നു എല്ലാം. എനിക്ക് അസുഖമാണ്. പണിയില്ല. അവൾക്കും അസുഖമാണ്. പത്ത് മണിവരെ അവൾ എന്റെ കൂടെയുണ്ടായിരുന്നു. അതുകഴിഞ്ഞ് എന്നെ വിട്ട് മരണത്തിലേക്ക് പോകുകയായിരുന്നു.
വലിയ കടബാദ്ധ്യതയുണ്ട് സാറേ. മൊത്തത്തിൽ തകർച്ചയായിപ്പോയി. അപകടമുണ്ടായപ്പോൾ നെട്ടോട്ടം ഓടുകയായിരുന്നു. എൻ്റെ കുഞ്ഞിനെയും, ഭാര്യയേയും കാണാനില്ല. ഞാൻ ഓടിപ്പോയി തിരക്കി. ആ വാർഡിൽ കിടന്നവരാണ് കൊച്ചിനെ കാണിച്ച് തന്നത്.
അപ്പോൾ തെരച്ചിൽ നടത്തിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ ജീവനോടെ കിട്ടിയേനെ. പക്ഷേ ആ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന് അപ്പോഴും അവർ കളത്തരം പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലായെന്ന് വരുത്തിതീർക്കാനാണ് അവർ അങ്ങനെ പറഞ്ഞത്.
ഞങ്ങൾക്ക് പോകാനുള്ള തൊക്കെ പോയില്ലേ. രണ്ട് കുട്ടികളുടെ കാര്യം അധോഗതിയായി. എന്റെ ഭാര്യയാണ് കുടുംബം മുന്നോട്ടുകൊണ്ടുപോയിരുന്നത്. മോളെ നഴ്സിംഗ് പഠിപ്പിക്കാൻ കാരണം ബിന്ദുവാണ്. ഇല്ലാത്ത പൈസ മുടക്കിയതും, ലോണിന് വേണ്ടി ഓടി നടന്നതൊക്കെ അവളാണ്. അവൾക്ക് ദിവസം മുന്നൂറ് രൂപയാണ് കിട്ടുന്നത്. കാല് വയ്യാത്തോണ്ട് ഓട്ടോറിക്ഷയിലാണ് പോകുന്നത്. അതിന് അമ്പത് രൂപ പോകും. രൂപ വരുമാനത്തിലാണ് എല്ലാം നടന്നുപോയത്. '- വിശ്രുതൻ പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ