പത്താം ക്ലാസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ വഴിത്തിരിവ്; പ്രതി സ്വന്തം പിതാവ് തന്നെ; ഗള്‍ഫില്‍ നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് പൊലീസ്


പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍. കുടക് സ്വദേശിയായ നാല്‍പ്പത്തെട്ടുകാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസം മുമ്ബ് ഗള്‍ഫിലേക്ക് പോയ ഇയാളെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വാടകവീട്ടിലായിരുന്നു ഇയാളുടെ താമസം. ഒരു മാസം മുൻപാണ് ഗള്‍ഫിലേക്കു കടന്നത്. ഇയാളാണ് പ്രതിയെന്നു കണ്ടെത്തിയ പൊലീസ് ഇയാളോടു നാട്ടിലേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനില്‍‌ നാട്ടിലേക്കു വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

ഒരാഴ്ച മുൻപാണു പതിനഞ്ചുകാരി വീട്ടില്‍ പ്രസവിച്ചത്. പ്രസവത്തിനു പിന്നാലെ രക്തസ്രാവത്തെ തുടർന്നു കാ‍ഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല.

തുടർന്ന്, അന്വേഷണത്തില്‍ പിതാവാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. പ്രതിയില്‍നിന്ന് ഡിഎൻഎ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്‌റ്റ് ചെയ്തത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ഏറ്റെടുത്തു.