സുന്നത്ത് ചെയ്യാനായി അനസ്തേഷ്യ നല്‍കി, കോഴിക്കോട് രണ്ടു മാസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു.


കോഴിക്കോട് കാക്കൂരിൽ സുന്നത്ത് കർമ്മത്തിനിടെ അനസ്തീസിയ നൽകിയതിനെ തുടർന്ന് മരിച്ച കുഞ്ഞിന്റെ പോസ്റ്റ‌്‌മോർട്ടം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് നടക്കും. ചേളന്നൂർ സ്വദേശി ഇംത്യാസിന്റെ രണ്ടുമാസം പ്രായമുള്ള മകൻ എമിൻ ആദമാണ് മരിച്ചത്. കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് അനസ്‌തീസിയ നൽകിയത്. കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് കഷ്‌ടിച്ച് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സുന്നത്ത് കർമത്തിനായി കോഴിക്കോട് കാക്കൂരിലെ ക്ലിനിക്കിലെത്തിച്ചത്. സുന്നത്ത് കർമത്തിനായി അനസ്തീസിയ മരുന്ന് കൊടുത്തയുടൻ കുഞ്ഞ് അസ്വസ്ഥ‌ത പ്രകടിപ്പിക്കുകയായിരുന്നു. ശ്വാസതടസമുൾപ്പെടെ വന്ന കുഞ്ഞിന് സുന്നത്ത് നടത്താനാവില്ലെന്ന് തുടർന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു.

കുഞ്ഞിന്റെ ബുദ്ധിമുട്ടും കരച്ചിലും കാരണം മുലപ്പാൽ നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുൻപേ കുഞ്ഞ് മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു.

മാസം തികയാതെ എട്ടാം മാസത്തിൽ പ്രസവിച്ച കുഞ്ഞിനെയാണ് രണ്ടുമാസം തികയും മുൻപേ സുന്നത്ത് കർമത്തിനായി കൊണ്ടുപോയതെന്നും ചില അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. കുഞ്ഞിന്റെ മരണം സ്‌ഥിരീകരിച്ചതിനു പിന്നാലെ മാതാപിതാക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.