കല്യാണമുണ്ടേ...'; ബിരിയാണിച്ചെമ്പടക്കം വാടകയ്ക്കെടുത്ത് ആക്രിക്കടയില്‍ വിറ്റു, യുവാവിനായി തിരച്ചില്‍...


വാടക സ്റ്റോറില്‍നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള്‍ ആക്രിക്കടയില്‍ മറിച്ചുവിറ്റു.

താമരശ്ശേരി പരപ്പൻപൊയിലിലെ ഒകെ സൗണ്ട്സ് എന്ന വാടക സ്റ്റോറില്‍നിന്ന് യുവാവ് കൊണ്ടുപോയ ബിരിയാണി ചെമ്ബുകള്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളാണ് പൂനൂരിലെ ആക്രിക്കടയില്‍ വില്‍പ്പന നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടിലെ കല്യാണത്തിന് എന്നുപറഞ്ഞ് രണ്ട് വലിയ ബിരിയാണി ചെമ്ബ്, രണ്ട് ഉരുളി, ചട്ടുകം, കോരി എന്നിവ വാടകയ്ക്കെടുത്തത്. പിന്നീട് പരപ്പൻപൊയിലില്‍നിന്ന് ഗുഡ്സ് ഓട്ടോ വിളിച്ച്‌ പാത്രങ്ങള്‍ കയറ്റിക്കൊണ്ടുപോയി. താമരശ്ശേരിക്ക് സമീപം അണ്ടോണയിലെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് പാത്രങ്ങള്‍ എടുത്തത്. സാധനങ്ങള്‍ എടുക്കുന്ന സമയത്ത് ഫോണ്‍ നമ്ബറും വിലാസവും നല്‍കിയിരുന്നു. സല്‍മാൻ എന്നാണ് യുവാവ് പേരുപറഞ്ഞത്.

ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച പാത്രങ്ങള്‍ തിരികെ എത്താത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമാണെന്ന് അറിഞ്ഞത്. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാത്രങ്ങള്‍ അണ്ടോണയിലല്ല, പൂനൂരിലെ ആക്രിക്കടയുടെ സമീപമാണ് ഇറക്കിയതെന്ന് മനസ്സിലായി.

വീടിനടുത്തേക്ക് വണ്ടി പോകാത്തതിനാല്‍ പാത്രങ്ങള്‍ ഇവിടെ ഇറക്കിയാല്‍ മതിയെന്നാണ് ഓട്ടോ ഡ്രൈവറോട് യുവാവ് പറഞ്ഞത്. ഈ വിവരപ്രകാരം കടയുടമ തിങ്കളാഴ്ച പൂനൂരിലെ ആക്രിക്കടയില്‍ എത്തിയപ്പോളാണ് പാത്രങ്ങള്‍ കണ്ടെത്തിയത്. ആക്രിക്കട ഉടമയോട് വിവരങ്ങള്‍ പറഞ്ഞശേഷം വാടക സ്റ്റോർ ഉടമ റഫീഖ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. വാടകയ്ക്ക് എടുത്തതാണെന്ന് ആക്രിക്കടക്കാർക്ക് മനസ്സിലാവാതിരിക്കാൻ പാത്രങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ചട്ടുകം, കോരി എന്നിവ യുവാവ് വില്‍പ്പന നടത്തിയിരുന്നില്ല. മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.