അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി.
അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. അപകട അവസ്ഥയിലായ കെട്ടിടങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫയര്‍ എന്‍ഒസി ലഭിക്കാത്ത കെട്ടിടങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആരോഗ്യ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചത്.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജ്ജും പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനമുണ്ടായത്.
വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.
14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ