ഹേമചന്ദ്രനെ താൻ കൊന്നിട്ടില്ല; മൃതദേഹം കുഴിച്ചിടാൻ നിർദേശിച്ചത് ബത്തേരി സ്വദേശിയായ സുഹൃത്ത്, വെളിപ്പെടുത്തി മുഖ്യപ്രതി നൗഷാദ്.



ബത്തേരി ഹേമചന്ദ്രന്‍റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍റെ മൃതദേഹം തമിഴ്നാട്ടില്‍ കുഴിച്ചിടാന്‍ നിര്‍ദേശം നല്‍കിയത് ബത്തേരി സ്വദേശിയായ സുഹൃത്താണെന്ന് നൗഷാദ്  പറഞ്ഞു. ജ്യോതിഷിനും അജേഷിനും പുറമെ മറ്റൊരാളാണ് ഇതിനായി സഹായം നൽകിയത്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ല, ആത്മഹത്യ തന്നെയായിരുന്നുവെന്ന് നൗഷാദ് ആവർത്തിച്ചു.

മൃതദേഹത്തില്‍ പഞ്ചസാരയിടാനും മുഖത്ത് പെട്രോള്‍ ഒഴിക്കാനും നിര്‍ദേശം ലഭിച്ചിരുന്നു. രാത്രിയില്‍ ആണ് ചുള്ളിയോട് വഴി ചേരമ്പാടിയിലേക്ക് ഹേമചന്ദ്രന്റെ മൃതദേഹം കാറില്‍ കൊണ്ടുപോയത്. കാറിൽ തനിക്കൊപ്പം ഉണ്ടായിരുന്നത് ജ്യോതിഷ് ആയിരുന്നു. തന്നെ വില്‍പനയ്ക്ക് ഏല്‍പ്പിച്ച വീട്ടിലാണ് ഹേമചന്ദ്രൻ തൂങ്ങി മരിച്ചത്. പിടിച്ചുകൊണ്ടുവന്നത് തങ്ങളാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. മാത്രമല്ല തന്നെ വിൽക്കാൻ ഏൽപ്പിച്ച വീട്ടിൽ ആത്മഹത്യ ചെയ്‌തത്‌ പുറത്തറിയുമോ എന്ന ഭയം ഉണ്ടായിരുന്നു അതുകൊണ്ടാണ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിടാന്‍ തീരുമാനിച്ചത്.

ഹേമചന്ദ്രന് പരുക്കേല്‍ക്കും വിധം മർദിച്ചില്ല. കണ്ണൂര്‍ സ്വദേശിയായ സ്ത്രീയെ ഉപയോഗിച്ചാണ് ഹേമചന്ദ്രനെ മെഡിക്കൽ കോളജ് പരിസരത്ത് എത്തിച്ചത്. മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കൊണ്ടുവരുമ്പോള്‍ രണ്ട് തവണ താന്‍ മുഖത്ത് അടിച്ചിരുന്നു. തനിക്ക് റെന്‍റ് എ കാര്‍ ബിസിനസ് ആയിരുന്നു. ഇങ്ങനെയാണ് ഹേമചന്ദ്രനുമായി പരിചയം.

 ഹേമചന്ദ്രനുമായി സൗഹൃദത്തിലായ ശേഷം പണം തിരികെ വാങ്ങാനായിരുന്നു ശ്രമം. ഹേമചന്ദ്രനുമായി പിറ്റേ ദിവസം കൊയിലാണ്ടിയിലേക്ക് പോയി. പണം ഒരാള്‍ തരാനുണ്ട് എന്ന് ഹേമചന്ദ്രന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കൂടെ പോയത്. തിരികെ ബാലുശ്ശേരി വഴിയാണ് കോഴിക്കോട് ഹേമചന്ദ്രനെ കൊണ്ടുവിടാന്‍പോയത്.

 വയനാട്ടിലേക്ക് തിരികെ വരികയാണെന്നും മൈസൂരില്‍ നിന്ന് പണം കിട്ടാനുണ്ട് എന്നും ഹേമചന്ദ്രന്‍ പറഞ്ഞു. ഒരു ദിവസം കൂടി ബീനാച്ചിയിലെ വീട്ടില്‍ താമസിക്കണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാടകവീട്ടില്‍ വന്നത്. പിറ്റേദിവസമാണ് ഹേമചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നത്.

രണ്ട് ലക്ഷം വീതം നോട്ടിരട്ടിപ്പിക്കാനാണ് താനും ജ്യോതിഷും പണം നല്‍കിയത്. ഗുണ്ടല്‍പ്പേട്ട് സ്വദേശിയായ സൗമ്യ ഹേമചന്ദ്രന്‍റെ സുഹൃത്തായിരുന്നു. സൗമ്യ 20 ലക്ഷം രൂപ നല്‍കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ പറഞ്ഞിരുന്നു. സൗമ്യയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഹേമചന്ദ്രനെ പുറത്തിറക്കി തന്നാല്‍ ഇരുപതിനായിരം രൂപ കമ്മീഷന്‍ നല്‍കാം എന്ന് പറഞ്ഞിരുന്നു. പൊലീസിനോട് ഹേമചന്ദ്രനെ ബത്തേരിയില്‍ എത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം ഉള്ള കാര്യങ്ങളാണ് മറച്ചുവെച്ചതെന്നും നൗഷാദ് പറഞ്ഞു.

പൊലീസിന്റെ അനുമതിയോടെ ജോബ് വിസയിലാണ് സൌദയില്‍ എത്തിയത്. വിസ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് വരും. തനിക്ക് വേണമെങ്കില്‍ മുങ്ങാമായിരുന്നു. അത് ചെയ്താല്‍ തന്റെ സുഹൃത്തുക്കള്‍ പെട്ടുപോകുമെന്ന് കരുതിയാണ് അങ്ങിനെ ചെയ്യാതിരുന്നതെന്നും നൗഷാദ് പറഞ്ഞു.
താൻ ചെയ്ത തെറ്റ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു എന്നത് മാത്രമാണെന്നും നൗഷാദ് കൂട്ടിച്ചേർത്തു.