പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ താമരശേരി ചുരത്തില്‍ നിന്നും കൊക്കയിലേക്ക് ചാടിയ ആള്‍ പിടിയില്‍.


മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.

ഇന്ന് രാവിലെ വൈത്തിരി സമീപത്ത് ഓറിയന്‍റല്‍ കോളജിനടുത്തെ കാട്ടില്‍നിന്ന് ഇയാള്‍ പരിക്കുകളോടെ ഇറങ്ങിവരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവർ വിവരമറിയിച്ചത് അനുസരിച്ച്‌ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ചയാണ് പോലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ വളവിന് മുകളില്‍ നിന്നും ഇയാള്‍ കൊക്കയിലേക്ക് ചാടിയത്. ഫയർഫോഴ്സും പോലീസും പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഷഫീഖിന്‍റെ കാറില്‍ നിന്ന് മൂന്ന് പാക്കറ്റ് എംഡിഎംഎ കണ്ടെടുത്തിരുന്നു. മുന്പും എംഡിഎംഎ കേസില്‍ പ്രതിയാണിയാള്‍. വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാളെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.