തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന്റെ കാലും കൈയും അടിച്ചുപൊട്ടിച്ചു, നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച്‌ വീണ്ടും മര്‍ദിച്ചു; അമ്മയ്ക്കും സുഹൃത്തിനുമെതിരെ പരാതി.


അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്ബഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു സംഭവം.

പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.

ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ച്‌ വീണ്ടും മര്‍ദിച്ചു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചുവെന്നാണ് വിവരം.

നേരത്തെയും സമാനമായ രീതിയില്‍ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോയിട്ട് പേടിച്ച്‌ കുട്ടി അച്ഛന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് മര്‍ദനത്തിന്റെ കാര്യം പറഞ്ഞത്. കുട്ടിയുടെ മാതാവ് അനു സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരെയാണ് പരാതി. കുട്ടി തിരുവനന്തപുരം എസ് എ എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.