2025 ജൂലൈ 20 ഞായർ
1200 കർക്കിടകം 4 കാർത്തിക
1447 മുഹർറം 23
◾ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് രാജ്ഭവനില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കാനാവില്ലെന്ന നിലപാടിലുറച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍. രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയ സമാന്തര സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയ ജോ. രജിസ്ട്രാര്‍ പി. ഹരികുമാറിനോട് വിസി വിശദീകരണം തേടിയിട്ടുണ്ട്. രജിസ്ട്രാറുടെ എല്ലാ ചുമതലയും ഫയല്‍ ആക്സസും താല്‍ക്കാലിക രജിസ്ട്രാര്‍ മിനി കാപ്പന് കൈമാറണമെന്നും വിസി ആവശ്യപ്പെട്ടു.
◾ കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പോളിറ്റ് ബ്യൂറോ. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ അട്ടിമറിക്കാന്‍ ഗവര്‍ണ്ണറും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുകയാണെന്ന് പി.ബി. കുറ്റപ്പെടുത്തി. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഭരണഘടന പദവി ദുരുപയോഗം ചെയ്യുകയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.
◾ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മീന്‍പിടിത്തതിനുള്ള വിലക്ക് തുടരുകയാണ്. മലയോര മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ കണക്കിലെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലയില്‍ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മദ്രസകള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും ഉള്‍പ്പെടെ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലായി തീവ്രന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ജൂലൈ 24ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നാളെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ കൊല്ലം തേവലക്കരയില്‍ സ്കൂളില്‍നിന്ന് ഷോക്കേറ്റു മരിച്ച മിഥുന്റെ (13) മൃതദേഹം സംസ്കരിച്ചു. നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ അനിയന് സുജിനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ശാസ്താംകോട്ട താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പത്തുമണിക്കുശേഷം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. ഉച്ചക്ക് 12-നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വൈകീട്ട് നാലുമണിയോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.
◾ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷന് ചെയര്‍മാന്റെ സാന്നിധ്യത്തിന് നടന്ന യോഗത്തില്‍ വൈദ്യുതി ലൈന്‍ മാറ്റാന്‍ ധാരണയായിരുന്നു.
◾ കൊല്ലം തേവലക്കരയിലെ സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു പാവം പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്യുകയല്ല വേണ്ടതെന്നും കോട്ടയത്തെ ബിന്ദുവിന്റെയും കൊല്ലത്തെ മിഥുന്റെയും മരണത്തിന് സര്‍ക്കാരും ഉദ്യോഗസ്ഥരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
◾ കൊല്ലത്തെ സ്കൂള്‍ വിദ്യാര്‍ഥി മിഥുന്റെ ദാരുണ മരണത്തിന് പിന്നാലെ കണ്ണ് തുറന്ന് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തെ എല്ലാ വൈദ്യുതി ലൈനുകളുടെയും സുരക്ഷാ പരിശോധന സമയ ബന്ധിതമായി നടത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി നിര്‍ദ്ദേശം നല്കി. അടുത്തകാലത്ത് നടന്ന വിവിധ വൈദ്യുതി അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചതില്‍ വൈദ്യുതി ലൈനുകളുടെ സുരക്ഷാ പരിശോധന വീഴ്ച കൂടാതെ നടത്തി ഉചിത പരിഹാര നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ടെന്ന് കാണുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
◾ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേര് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര് ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
◾ അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂര്‍ പറഞ്ഞു. 1997ല്‍ താന്‍ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയതെന്നും നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും ശശി തരൂര്‍ വിശദമാക്കി.
◾ ആദ്യം രാജ്യം പിന്നെ പാര്‍ട്ടിയെന്നാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ സംസാരിച്ചത് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞ തരൂര്‍ ദേശീയ സുരക്ഷയുടെ കാര്യത്തില്‍ മറ്റ് പാര്‍ട്ടികളുമായും സഹകരിക്കേണ്ടി വരുമെന്നും വ്യക്തമാക്കി. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ താന്‍ സ്വീകരിച്ച നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. സമീപകാലത്തെ പ്രവര്‍ത്തനങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയരുന്നതിനിടെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.
◾ കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവന' ത്തില്‍ അതുല്യ ശേഖറി(30)നെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറാണ് ഭര്‍ത്താവ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളുടെ കൂടെയാണ്. ഭര്‍ത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.
◾ കൊല്ലം സ്വദേശിനി അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ കൊല്ലം ചവറ തെക്കുംഭാഗം പൊലീസാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി സതീഷ് ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. മരിക്കുന്നതിന് മുന്‍പ് അനന്യ കുടുംബത്തിന് പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി.
◾ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വീണ്ടും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വൈകിട്ട് 4:30 മുതല്‍ സംസ്ഥാനത്തെ 81 മോട്ടോര്‍ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്. ഓപ്പറേഷന് ക്ലീന്‍ വീല്‍സ്' എന്ന പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയാണ് റെയ്ഡ് നടത്തുന്നത്.
◾ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെയും, കടല്‍ മണല്‍ ഖനന നടപടികള്‍ക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ സ്വകാര്യ ബസിന്റെ അമിതവേഗതക്ക് ഒരു ഇര കൂടി. പേരാമ്പ്രയില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുള്‍ ജബാദാണ് (19) മരിച്ചത്. ബൈക്കിനെ മറികടക്കുന്നതിനിടെ, ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
◾ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന അവസാന മണിക്കൂറുകളിലും പരമാവധി പേര്‍ക്ക് നിയമനം ഉറപ്പാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. അവസാന 24 മണിക്കൂറില്‍ വിവിധ വകുപ്പുകളിലായി 1200ഓളം ഒഴിവില്‍കൂടി നിയമനം സാധ്യമാക്കിയാണ് കേരള പിഎസ്സി പുതുചരിത്രം കുറിച്ചത്.
◾ ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചട്ടം ലംഘിച്ച് ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.
◾ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒമ്പത് വരെ സംഘടിപ്പിക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
◾ കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി കേരള സര്‍ക്കാരെന്ന നിലയിലേക്കെത്തി കാര്യങ്ങളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സര്‍ക്കാര്‍ എന്ത് നിയമം കൊണ്ട് വന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കില്‍ അത് കുഴപ്പമായിയെന്ന് പറഞ്ഞ വെള്ളാപ്പള്ളി കോട്ടയം ചില സമുദായങ്ങളുടെ കുത്തകയാണെന്നും കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈകളിലായിയെന്നും മറിച്ച് പറയാന്‍ ആരുമില്ലാതായിയെന്നും പറഞ്ഞു.കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ജെഎസ്കെ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡില്‍ കയറി തന്റെ പവര്‍ കാണിച്ചിട്ടില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ജെഎസ്കെയുടെ പ്രചാരണത്തിന്റെ ഭാ?ഗമായി ദുബായിലെത്തിയപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സൂചിപ്പിച്ചിട്ടുണ്ടെന്നും പലകാര്യങ്ങളിലും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
◾ കാസര്‍കോട് പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ടതായി സംശയം. കര്‍ണാടക ബല്‍ഗാം സ്വദേശി ദുര്‍ഗപ്പയെ (18) ആണ് കാണാതായത്. പോകുന്ന വഴിയുള്ള ചപ്പാത്തില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് സംശയം. ഫയര്‍ഫോഴ്സ് തെരച്ചില്‍ നടത്തിവരുന്നു.
◾ ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രി ആര് ബിന്ദുവിന്റെ അനാസ്ഥ മൂലം കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലായെന്നും ആരോപിച്ചാണ് കെ എസ് യു ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.
◾ മേയില്‍ നടന്ന ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തിനിടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണെന്ന് രാഹുല്‍ ചോദിച്ചു. 'രാജ്യത്തിന് അത് അറിയാനുള്ള അവകാശം ഉണ്ട്' എന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ട്രംപ് ഇക്കാര്യം അവകാശപ്പെടുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ ചോദ്യം.
◾ നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ടപതി ദ്രൗപദി മുര്‍മു നല്കിയ റഫറന്‍സ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആണ് റഫറന്‍സ് പരിഗണിക്കുന്നത്.
◾ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്സി ഔട്ട്ലെറ്റ് മെനുവില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ നീക്കം ചെയ്തു. നിലവില്‍ നടന്നുവരുന്ന ശ്രാവണ മാസത്തിലെയും കാന്‍വാര്‍ യാത്രയുടെയും പശ്ചാത്തലത്തില്‍ മാംസാഹാരം വില്‍ക്കുന്നതിനെതിരെ ഹിന്ദു രക്ഷാ ദള്‍ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കിയത്. ഇന്ദിരാപുരം മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്.
◾ പതിനഞ്ചുകാരിയെ മൂന്നംഗ സംഘം പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒഡീഷയിലെ പുരി ജില്ലയിലെ ബയബര്‍ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
◾ ആം ആദ്മി പാര്‍ട്ടി നേതാവും പ്രശസ്ത പഞ്ചാബി ഗായികയുമായ അന്മോല് ഗഗന് മാന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഖരാര്‍ എംഎല്‍എയായിരുന്ന അന്മോല്, ഞായറാഴ്ച പഞ്ചാബ് നിയമസഭ സ്പീക്കര്‍ കുല്‍താര്‍ സിങ് സന്ധ്വാന് രാജി സമര്‍പ്പിച്ച് സ്ഥാനമൊഴിയുകയായിരുന്നു.
◾ മണിപ്പുരില്‍ സന്ദര്‍ശനം നടത്താത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ .മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി മോദി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും പക്ഷേ മണിപ്പുരില്‍ പോയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ശനിയാഴ്ച കര്‍ണാടകയിലെ മൈസൂരുവില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.
◾ സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരന്' എന്നറിയപ്പെട്ടിരുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 20 വര്‍ഷം കോമയില്‍ കിടന്നശേഷമാണ് മരണം. 2005ല്‍ ലണ്ടനില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) പരസ്യമായി പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്. ടിആര്‍എഫിനെ നിയമവിരുദ്ധമായ ഒരു സംഘടനയായി കണക്കാക്കുന്നില്ലെന്നും പഹല്‍ഗാം ആക്രമണം നടത്തിയത് ടിആര്‍എഫ് ആണെന്നതിന് തെളിവ് കാണിക്കൂവെന്നും ഇഷാഖ് ധര് പാക് പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.
◾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോഗിക വെബ്സൈറ്റില്‍ പങ്കുവച്ചു. ഇറാനിയന്‍ മിസൈലുകളില്‍നിന്ന് രക്ഷപ്പെടാനായി ജൂതരും ഇസ്രയേലി സൈനികരും ഒരു അമേരിക്കന്‍ കപ്പലില്‍ ഭയന്ന് ഇരിക്കുന്നതാണ് ചിത്രത്തില്‍.
◾ ശിക്ഷ ഒഴിവാക്കാന്‍ ഒളിവില്‍ പോകുമെന്ന ആശങ്കയെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിള്‍ ടാഗ് ധരിക്കാന്‍ ബ്രസില്‍ പോലീസ് ഉത്തരവിട്ടു. ഇതിനുപുറമെ, വിദേശ നയതന്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും രാത്രി വീട് വിട്ടിറങ്ങുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഇത് അങ്ങേയറ്റത്തെ അപമാനകരമാണെന്നും രാജ്യം വിട്ട് പോകാന്‍ താന്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലെന്നും ബോള്‍സോനാരോ പ്രതികരിച്ചു.
◾ തെക്കന്‍ ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തിയ ജനക്കൂട്ടത്തിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 32 പേര് കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. യുഎസിന്റെയും ഇസ്രയേലിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ കേന്ദ്രങ്ങളില്‍ ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കു നേരെയാണ് വെടിവച്ചത്. മരിച്ചവരില്‍ കൂടുതലും യുവാക്കളാണ്.
◾ നിര്‍മിതബുദ്ധി ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി നേരിടാന്‍ അമേരിക്ക തയ്യാറെടുത്തിട്ടില്ലെന്നും ആ രംഗത്തെ മുന്നേറ്റത്തെത്തന്നെ അത് തടസപ്പെടുത്തിയേക്കുമെന്നും ഗൂഗിളിന്റെ .മുന്‍ സിഇഒ എറിക് ഷ്മിറ്റ്. അമേരിക്ക ഒരു ഗുരുതരമായ ഊര്‍ജ്ജക്ഷാമം നേരിടേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
◾ ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തോല്‍വി. ലോര്‍ഡ്സില്‍ മഴയെ തുടര്‍ന്ന് 29 ഓവറാക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങവെ വീണ്ടും മഴയെത്തി. ഇതോടെ ആതിഥേയരുടെ വിജയലക്ഷ്യം 24 ഓവറില്‍ 115 ആയി കുറച്ചു. 21 ഓവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടക്കുകയും ചെയ്തു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1 ന് ഒപ്പെത്തി.
◾ രാജ്യത്ത് ഒമ്പത് കാരറ്റ് സ്വര്‍ണം കൂടി ഹാള്‍മാര്‍ക്കിംഗിന്റെ പരിധിയിലേക്ക്. ഇപ്പോള്‍ നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക് പുറമെയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളും ഹാള്‍മാര്‍ക്കിംഗ് പരിധിയിലേക്ക് എത്തിയത്. 375% പരിശുദ്ധിയാണ് ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങളില്‍ ഉണ്ടാവുക. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ കട 1417:2016 നിയമം ജൂലൈ 2025 ഭേദഗതി ചെയ്തത് അനുസരിച്ചാണ് ഒമ്പത് കാരറ്റ് സ്വര്‍ണത്തിനും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. നിലവില്‍ 14 കാരറ്റ് മുതലുള്ള സ്വര്‍ണാഭരണങ്ങളാണ് കേരള വിപണിയില്‍ വിറ്റഴിക്കുന്നത്. ഒമ്പത് കാരറ്റിനു ഹാള്‍മാര്‍ക്കിംഗ് വരുന്നതോടെ ഈ ശ്രേണിയിലും ആഭരണങ്ങള്‍ വില്‍പ്പനയ്ക്ക് എത്തി തുടങ്ങും. മറ്റ് സംസ്ഥാനങ്ങളില്‍ പലയിടത്തും ഒമ്പത് കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നുമുണ്ട്. ജുവലറികളില്‍ നിന്ന് ഉപഭോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുകയാണ് എച്ച്.യു.ഐ.ഡിയുടെ ലക്ഷ്യം. ബി.ഐ.എസ് മുദ്ര, സ്വര്‍ണത്തിന്റെ പരിശുദ്ധി, ആല്‍ഫാന്യൂമറിക് നമ്പര്‍ എന്നിവ ചേരുന്നതാണ് എച്ച്.യു.ഐ.ഡി. രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ കണക്ക് അറിയാനും ഇതു വഴി സര്‍ക്കാരിനു കഴിയും.
◾ ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാട്- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന 'ഹൃദയപൂര്‍വ്വം' എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. കോമഡിക്ക് പ്രാധാന്യമുള്ള ഫീല്‍ ഗുഡ് ചിത്രമെന്ന തോന്നലാണ് 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഉണ്ടാക്കുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞിരുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖില്‍ സത്യന്റേതാണു കഥ. ടി പി സോനു എന്ന നവാഗതന് തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന് പ്രഭാകര്‍.
◾ ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റുകള്‍ നല്കിയ രണ്ട് യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം ഹൈപ്പ് ലഭിച്ചിട്ടുള്ള ചിത്രമാണ് തമിഴില്‍ നിന്നുള്ള 'ഡ്യൂഡ്'. പ്രദീപ് രംഗനാഥന് നായകനാവുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. റൊമാന്റിക് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും കീര്‍ത്തീശ്വരനാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. റിപ്പോര്‍ട്ട് പ്രകാരം ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം നേടിയിരിക്കുന്നത് 25 കോടിയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ഈ വര്‍ഷം ദീപാവലി റിലീസ് ലക്ഷ്യമാക്കി നിര്‍മ്മാണം പുരോഗമിക്കുന്ന ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായി ആവും റിലീസ്. മമിത ബൈജുവിന്റെ സാന്നിധ്യം കേരളത്തിലേക്ക് എത്തുമ്പോഴും ചിത്രത്തിന് പ്ലസ് ആണ്. ആര് ശരത് കുമാറും ഹൃദു ഹറൂണും ദ്രാവിഡ് സെല്‍വവും രോഹിണിയും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
◾ ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിച്ച ആദ്യ ജാപ്പനീസ് ബ്രാന്‍ഡാണ് ഹോണ്ട. ക്യുസി1, ആക്ടിവ ഇ എന്നിങ്ങനെ രണ്ട് സ്കൂട്ടറുകള് നിലവില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്റ് സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡിന്റേതായി ഇന്ത്യയില്‍ ഇറങ്ങുന്നുണ്ട്. മൂന്നാമത്തെ ഇവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട ഒരുങ്ങുകയാണ്. ഇത്തവണ ഇലക്ട്രിക്ക് സ്കൂട്ടറല്ല ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളാണെന്ന സവിശേഷതയുമുണ്ട്. ഹോണ്ടയുടെ ജനകീയ മോട്ടോര്‍സൈക്കിളായ ഷൈനിന്റെ ഇവി പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഷൈന്‍ ഇവിക്ക് ഷൈന്‍ ഇ എന്നു പേരു നല്‍കാനാണ് സാധ്യത കൂടുതല്‍. ആക്ടിവ ഇയുടേതിന് സമാനമായ ബാറ്ററികളാവും ഷൈന്‍ ഇവിയുടേതെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ 1.5 കിലോവാട്ടിന്റെ രണ്ട് ബാറ്ററികളാവും ഷൈന്‍ ഇവിയിലുണ്ടാവുക. ഹോണ്ടയുടെ ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളില്‍ ആക്ടിവ ഇക്കൊപ്പം ഷൈന്‍ ഇവിയുടെ ബാറ്ററികളും മാറ്റാനായേക്കും. നിലവില്‍ ബെംഗളൂരുവില്‍ മാത്രമേ ഹോണ്ട ബാറ്ററി സ്വാപിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. വൈകാതെ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്കു കൂടി ബാറ്ററി സ്വാപിങ് സ്റ്റേഷനുകള്‍ ഹോണ്ട വ്യാപിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
◾ വിപണിയുടെ വേഗതയില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓര്‍മ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാല്‍, 'വീണ്ടും വീണ്ടും ചരിത്രവല്ക്കരിക്കുക' എന്ന ധര്‍മ്മം കലര്‍പ്പില്ലാതെ നിര്‍വ്വഹിക്കുന്നുണ്ട് ഈ നോവല്‍. വര്‍ത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവില്‍ തടഞ്ഞുനിര്‍ത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് 'മറതി'യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം. 'മറതി'. പി.സുരേഷ്. ഡിസി ബുക്സ്. വില 189 രൂപ.
◾ സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടും സ്തനാര്‍ബുദം ഉണ്ടാകാം. സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത സ്തനാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സ്തനങ്ങളില്‍ മുഴ, സ്തനങ്ങളില്‍ വേദന, സ്തനങ്ങളില്‍ ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവ ചിലപ്പോള്‍ സ്തനാര്‍ബുദത്തിന്റെ സൂചനയാകാം. സ്തനങ്ങളിലെ ആകൃതിയില്‍ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നത് ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുലക്കണ്ണിനു ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം വരുക, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, മുലക്കണ്ണില്‍ വേദന തുടങ്ങിയവയെല്ലാം ചിലപ്പോള്‍ രോഗത്തിന്റെ ലക്ഷണങ്ങളാകാം. ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.
*ശുഭദിനം*
*കവിത കണ്ണന്*
പുരാതനമായ ഒരു ആശ്രമത്തിന്റെ അധിപന് സ്ഥാനമൊഴിയുകയാണ്. പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള സഭ കൂടിയിരിക്കുന്നു. ആശ്രമ നിയമമനുസരിച്ച് സ്ഥാനമൊഴിയുന്ന ആളാണ് പുതിയ അധിപന്റെ പേര് നിര്‍ദേശിക്കുക. സ്ഥാനമൊഴിയുന്ന ആള് തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത് താരതമ്യേനെ പ്രായം കുറഞ്ഞ ഒരു പുതുമുഖത്തെയാണ്. സദസ്യര്‍ പലരും അത്ഭുതം കൂറി. പ്രായം ചെന്ന പലരും അധിപന്റെ സ്ഥാനത്തിന് അര്‍ഹരായി സദസ്സില്‍ ഇരിക്കുന്നുണ്ട്. അപ്പോള്‍ ഒരു ചെറുപ്പക്കാരനെ, അതും ഒരു പുതുമുഖത്തെ അധിപനായി തെരഞ്ഞെടുക്കുന്നതിലുള്ള അസ്വാരസ്യം അവര്‍ തമ്മില്‍ തമ്മില്‍ നോക്കി പ്രകടിപ്പിച്ചു. അത്ഭുതത്തോടെ തന്നെ നോക്കിയവരോടായി ആശ്രമാധിപന് പറഞ്ഞു: 'ഏറെ ചിന്തിച്ചുതന്നെയാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. ഇവിടെ ഇരിക്കുന്ന തല മുതിര്‍ന്ന പലരും അധിപന്റെ സ്ഥാനം കിട്ടാന്‍ വേണ്ടി നല്ലവണ്ണം തയ്യാറെടുത്തു തന്നെയാണ് വന്നതെന്ന് എനിക്കറിയാം. എന്നാല്‍ പുതുമുഖമായ ഒരാള്‍ക്ക് ഈ ആശ്രമത്തിന്റെ രീതികളൊന്നും അറിയില്ല. അതിനാല്‍ വേറിട്ടൊരു രീതിയില്‍ ഈ ആശ്രമം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തുകൊണ്ടും ഒരു പുതുമുഖം തന്നെയാണ് നല്ലത് എന്ന് എനിക്ക് തോന്നി' പ്രായം ഉണ്ടായതുകൊണ്ടോ പരിചയം ഉണ്ടായതുകൊണ്ടോ അനുഭവ സമ്പത്ത് ഉണ്ടാകണമെന്നില്ല. പ്രായം മാത്രം നോക്കി ജോലിക്കയറ്റം നല്കുമ്പോള് ശരിയായ യോഗ്യത ഉള്ളവര്‍ ഒരുപക്ഷേ അവഗണിക്കപ്പെട്ടേക്കാം. എത്രനാള്‍ ഒരു ജോലി തുടര്‍ച്ചയായി ചെയ്തു എന്നതല്ല പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനം. വേറിട്ട പ്രവര്‍ത്തന ശൈലിയും അന്യൂനമായ സംഭാവനകളും ഒക്കെയാകണം ഒരാളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനം - ശുഭദിനം.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ