വയനാട് മഡ് ഫെസ്റ്റ് സീസണ്‍-3 മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്യും.

മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ ഇന്ന്(ജൂലൈ 12) രാവിലെ 11 ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

വിനോദസഞ്ചാര വകുപ്പ്, ടൂറിസം സംഘടനകളുടെ സഹകരണത്തോടെയാണ് ജൂലൈ 17 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബത്തേരി സപ്ത റിസോര്‍ട്ടിന് എതിര്‍വശത്തെ വയലില്‍ നടത്തുന്ന പരിപാടിയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡിിആര്‍ മേഘശ്രീ, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്‌ബോള്‍, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവ നടത്തും. നാളെനടക്കുന്ന മഡ് ഫുട്‌ബോളില്‍ 16 ടീമുകളാണ് മത്സരിക്കുക. ആദ്യത്തെ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. നാളെ (ജൂലൈ 13) വിവിധ ടൂറിസം സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂര്‍ ഓപ്പറേറ്റഴ്‌സ്, ട്രാവല്‍ ഏജന്റുകള്‍ എന്നിവര്‍ക്കായി മഡ് ഫുട്‌ബോള്‍ മത്സരവും മഡ് വടം വലിയും നടക്കും.

 ജൂലൈ 14 ന് ഡബിള്‍ കാറ്റഗറി 100 മീറ്റര്‍ വിഭാഗത്തില്‍ കര്‍ലാട് തടകത്തില്‍ കയാക്കിങ് മത്സരം, ജൂലൈ 15 ന് മാനന്തവാടി വള്ളിയൂര്‍കാവില്‍ മഡ് കബഡി മത്സരം, ജൂലൈ 17 ന് 50 പേര്‍ക്കായി ചീങ്ങേരിയിലേക്ക് മണ്‍സൂണ്‍ ട്രക്കിങ്ങും സംഘടിപ്പിക്കും.