പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം. ബ്രിട്ടീഷ് എയര്‍വേയ്‌സ് ദുബായിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയ രണ്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായും ഫ്‌ലൈറ്റ്‌റഡാര്‍ 24 വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ശനിയാഴ്ച ഹീത്രു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പിന്നീട് സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷം സൂറിച്ചിലേക്ക് തിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദുബായിലേക്ക് പോകുന്ന മറ്റൊരു വിമാനം ഈജിപ്തില്‍ എത്തിയ ശേഷം ഹീത്രുവിലേക്ക് മടങ്ങിയെന്നുമാണ് വിവരം.

ദോഹയിലേക്കുള്ള ഒരു വിമാനം റദ്ദാക്കുന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. കൂടാതെ ബഹ്‌റൈന്‍ വഴിയുള്ള യാത്രയും താതാക്കാലികമായി നിര്‍ത്തിവച്ചുവെന്നാണ് വിവരം. ഈ മാസം അവസാനം വരെയാകും നിയന്ത്രണങ്ങള്‍. കഴിഞ്ഞ ആഴ്ച തന്നെ നിരവധി ബ്രിട്ടീഷ്, അമേരിക്കന്‍ വിമാന കമ്പനികള്‍ മിഡില്‍ ഈസ്റ്റ് വഴിയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.