മേപ്പാടി ചൂരൽമലയിൽ ബുധനാഴ്ച ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസ് എടുത്തു. വില്ലേജ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് കേസെടുത്തത്.
ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെ മേപ്പാടി പൊലീസാണ് കേസ് എടുത്തത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകൾ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫിസറെയും തഹസിൽദാരെയും നാട്ടുകാർ തടഞ്ഞിരുന്നു.
പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ചെറിയ തോതിൽ സംഘർഷവും ഉണ്ടായിരുന്നു. ദുരന്തബാധിതർക്ക് ഒരു സഹായവും നൽകാതെ സർക്കാർ കേസെടുക്കുകയാണെന്ന് ടി. സിദ്ദീഖ് എം.എൽ.എ കുറ്റപ്പെടുത്തി. പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും സിദ്ദീഖ് പറഞ്ഞു.
ബുധനാഴ്ച ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴയെ തുടർന്ന് പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വെള്ളം ശക്തിയായി കുത്തിയൊഴുകിയതോടെ അട്ടമല ഭാഗത്തുണ്ടായിരുന്ന തൊഴിലാളികളെയടക്കം പുറത്തേക്ക് എത്തിച്ചിരുന്നു. മഴ മുന്നറിയിപ്പ് നൽകിയില്ലെന്നും മുൻകരുതൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചും ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇവരേയും നാട്ടുകാർ തടഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ