ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് പാഞ്ഞുകയറി, മൂന്നുസ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു, പരിക്ക്



അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃശൂർ ചൊവ്വൂർ അഞ്ചാംകല്ലിൽ ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. സംഗീത, പ്രേമ, സൈന എന്നിവർക്കാണ് പരിക്കേറ്റത്.

അമിത വേഗതയിൽ വരികയായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിൽ നിന്ന യാത്രക്കാർക്കുനേരെ ഇടിച്ചുകയറുകയായിരുന്നു. ബസ് വരുന്നതുകണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടസമയം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. നല്ല വേഗത്തിലെത്തിയ ബസ് മഴകാരണം റോഡിൽ നിന്ന് തെന്നിനീങ്ങി കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാത്തിരിപ്പുകേന്ദ്രവും സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതബന്ധവും നിലച്ചിരിക്കുകയാണ്. അപകടം നടന്ന ഉടനെ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങിയോടി. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.