പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ: വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ അറസ്റ്റിൽ


പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ
വെച്ച പൊലീസുകാരൻ അറസ്റ്റിൽ. വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ ഇയാൾ പകർത്തി. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ വൈശാഖാണ് പിടിയിലായത്.

വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനോട് ചേർന്ന് വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഇയാൾ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകി. ഇതോടെ ഇവർ പരാതി നൽകുകയായിരുന്നു.

കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളും വൈശാഖിൻ്റെ ഫോണിൽ ഉള്ളതായി സൂചനയുണ്ട്. ഇയാളുടെ ലക്ഷ്യം എന്താണെന്നതിൽ നിലവിൽ വ്യക്തത ഇല്ല. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.