ഇനി മൂടൽമഞ്ഞിനെ പേടിക്കേണ്ട, ഡൽഹി വിമാനത്താവളത്തിന്റെ റൺവേ നവീകരിക്കും; 3 മാസത്തേക്ക് 114 പ്രതിദിന സർവീസുകൾ റദ്ദാക്കും.


ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് നിരവധി വിമാനസർവീസുകൾ റദ്ദാക്കും. 

114 പ്രതിദിന സർവീസുകളാണ് റദ്ദാക്കുന്നത്. ഗതാഗതകുരുക്ക് മൂലം മെയ് മാസത്തിൽ നടത്താനിരുന്ന നവീകരണ പ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരിക്കും നടക്കുക.

ഡൽഹി വിമാനത്താവളത്തിൽ 1,450 വിമാനസർവീസുകൾ പ്രതിദിനമുള്ളത്. നാല് റൺവേകളും T1, T3 എന്നീ രണ്ട് ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികളുടെ ഭാഗമായി T1 നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

ഡൽഹിയിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന കടുത്ത മൂടൽമഞ്ഞ് നിരവധി സർവീസുകളെ പ്രതിസന്ധിയിലാക്കുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന മൂന്ന് മാസക്കാലം വിമാനസർവീസുകളിൽ 7.5 ശതമാനം കുറവുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

200 വിമാനങ്ങളെ ഇത് ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 114 എണ്ണം റദ്ദാക്കുകയും ബാക്കി 86 എണ്ണത്തിന്റെ സമയത്തിൽ മാറ്റം വരുകയും ചെയ്യും. അടുത്ത മൂടൽമഞ്ഞ് ആരംഭിക്കുന്ന സമയത്തിനുള്ളിൽ വിമാനത്താവളത്തിൻ്റെ നവീകരണം പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കി.