ഹെയര്‍ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെ തലയില്‍ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, തലയോട്ടി പുറത്ത് കാണുന്ന അവസ്ഥ; വേദന തിന്ന് യുവാവ്



മുടി മാറ്റി നടുന്ന (ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ) ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ ബാക്ടീരിയല്‍ ബാധ കാരണം വേദന തിന്നുകഴിയുകയാണ് എറണാകുളം സ്വദേശിയായ യുവാവ്.

കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെയാണ് തലയില്‍ ബാക്ടീരിയ ബാധയുണ്ടായത്. തലയിലെ മാംസം തിന്നുന്ന ബാക്ടീരിയയാണ് ബാധിച്ചത്. തലയോട്ടി പുറത്തുകാണുന്ന അവസ്ഥയിലായ യുവാവ് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. യുവാവ് പരാതി നല്‍കിയതോടെ പനമ്ബിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്ക് പൂട്ടി ഡോക്ടർ സ്ഥലംവിട്ടതായാണ് റിപ്പോർട്ടുകള്‍.


എറണാകുളം സ്വദേശിയായ സനിലിനാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സനില്‍ പനമ്ബിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്കില്‍ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് എത്തിയത്. ഫേസ്ബുക്കില്‍ പരസ്യം കണ്ടാണ് അവിടെ സമീപിച്ചത്. തലയുടെ മുൻഭാഗത്തായിരുന്നു ട്രാൻസ്പ്ലാന്‍റേഷൻ. ഹൈദരാബാദ് സ്വദേശിയായിരുന്നു ഡോക്ടർ. ഫെബ്രുവരി 26, 27 തിയതികളിലായിരുന്നു ട്രാൻസ്പ്ലാന്‍റേഷൻ. മുടി മാറ്റിനട്ടതിന് പിന്നാലെ മാർച്ച്‌ ആദ്യം തലക്ക് കടുത്ത വേദന വരാൻ തുടങ്ങി. പിന്നീട് പഴുപ്പു വരികയും നീരൊലിക്കാൻ തുടങ്ങുകയും ചെയ്തു.

ക്ലിനിക്കിലെ ഡോക്ടറെ അറിയിച്ചപ്പോള്‍ ഇത് സ്വാഭാവികമാണെന്നായിരുന്നു മറുപടി. അവർ നിർദേശിച്ച പ്രകാരം ഹെഡ് വാഷ് ചെയ്തെങ്കിലും പ്രശ്നം കൂടുതല്‍ വഷളായി. ഇവർ നിർദേശിച്ച സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതോടെ ആരോഗ്യാവസ്ഥ തന്നെ താളംതെറ്റി. തലയിലെ പഴുപ്പ് വർധിച്ചുവന്നു.

പിന്നീട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തലയിലെ മാംസം നഷ്ടമായി തലയോട്ടി പുറത്തുകാണുന്ന അവസ്ഥയായിരുന്നു. തലയുടെ മുൻഭാഗം കുഴിയായിരുന്നു. അതിഗുരുതരമാണ് നിലയെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. തുടർന്നുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് സനില്‍. 

13 ശസ്ത്രക്രിയകളാണ് തലയില്‍ നടത്തിയത്. കാലില്‍ നിന്ന് തൊലിയെടുത്ത് തലയില്‍ ചേർക്കുകയാണ് ചെയ്യുന്നത്. തലയോട്ടിയിലെ പഴുപ്പ് ശേഖരിക്കുന്ന മെഷീനുമായാണ് സനിലിന്‍റെ ഇപ്പോഴത്തെ ജീവിതം. രണ്ട് മാസത്തിലേറെയായി മര്യാദക്ക് ഉറങ്ങിയിട്ടെന്ന് ഇദ്ദേഹം പറയുന്നു.

പനമ്ബിള്ളി നഗറിലെ സ്ഥാപനത്തിനെതിരെ തേവര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ ഏതാനും ദിവസമായി ഇൻസൈറ്റ് ഡെർമ ക്ലിനിക്ക് അടച്ചിട്ട നിലയിലാണ്.